മുംബൈയിൽ കനത്ത മഴയിൽ പരസ്യബോർഡ് വീണു, മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

മുംബൈ: കനത്ത മഴയിലും ശക്തമായ കാറ്റിലും വിറങ്ങലിച്ച് മുംബൈ ന​ഗരം. ന​ഗരത്തിൽ കനത്ത നാശനഷ്ടമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരസ്യബോർഡ് താഴെ വീണതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഘാട്‌കോപ്പർ ഭാഗത്ത് പെട്രോൾ പമ്പിന് സമീപത്തെ കൂറ്റൻ പരസ്യഹോർഡിം​ഗാണ് തകർന്നുവീണത്. 59 പേർക്ക് പരിക്കേറ്റതായാണ് സൂചന.

നൂറിലധികം പേർ ഇവിടെ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് ‌ഗ്രൗണ്ട് പെട്രോൾ പമ്പിലാണ് സംഭവം. എൻ‌ഡി‌ആർ‌എഫ് സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. റെയിൽവെ ഇലക്‌ട്രിക് ലൈനിന് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു.

താനെ-മുലന്ദ് റെയിൽ സർവീസ് മുടങ്ങിയത്. താനെയിൽ വെള്ളം കയറുന്ന അവസ്ഥയുമുണ്ടായി. പരസ്യ ബാനറുകൾ ലൈനിൽ വീണ് അപകടമുണ്ടായതിനെത്തുടർന്ന് മെട്രോ ഗതാഗതവും തടസപ്പെട്ടതായി മെട്രോ റെയിൽ വക്താക്കൾ അറിയിച്ചു.

three dies and many injured after Billboard collapsed in Mumbai