‘2050 ൽ 3 ആഗോള മഹാശക്തികൾ ഉണ്ടാകും’; റഷ്യയും ബ്രിട്ടണുമല്ല! അമേരിക്കക്കൊപ്പം ഇന്ത്യയും ചൈനയുമായിരിക്കും: ടോണി ബ്ലെയറുടെ പ്രവചനം

ലണ്ടന്‍: 2050 എത്തുമ്പോഴേക്കും ഇന്നത്തെ ആഗോള മഹാശക്തികളിൽ വലിയ മാറ്റം വരുമെന്ന് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ പ്രവചനം. റഷ്യയും ബ്രിട്ടനുമടക്കമുള്ള ലോകരാജ്യങ്ങൾ ആഗോള മഹാശക്തി പട്ടികയിൽ നിന്ന് പിന്തള്ളപ്പെടുമെന്നും ഇന്ത്യയും ചൈനയുമായിരിക്കും അമേരിക്കക്കൊപ്പം 2050 ൽ ലോക ശക്തി രാജ്യങ്ങളെന്നും അദ്ദേഹം വിവരിച്ചു. ഇന്ത്യയും അമേരിക്കയും ചൈനയും സൂപ്പര്‍ പവര്‍ രാജ്യങ്ങളായി മാറുമെന്ന് കാര്യകാരണ സഹിതമാണ് മുന്‍ യു കെ പ്രധാനമന്ത്രി ടോണി ബ്ലെയർ വിശദീകരിച്ചത്. ആഗോള നേതാക്കള്‍ നാവിഗേറ്റ് ചെയ്യാന്‍ തയ്യാറാകേണ്ട ഒരു ‘സങ്കീര്‍ണ്ണമായ ലോകക്രമം’ ഈ രാജ്യങ്ങള്‍ സൃഷ്ടിക്കുമെന്നും ടോണി ബ്ലെയര്‍ പ്രവചിച്ചു.

ദി സ്ട്രെയിറ്റ്സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ യുകെ പ്രധാനമന്ത്രി ഭാവിയില്‍ ലോകക്രമം ആര് നിയന്ത്രിക്കുമെന്ന പ്രവചനം നടത്തിയത്. ഇന്ത്യയും അമേരിക്കയും ചൈനയും രൂപപ്പെടുത്തുന്ന ഒരു ബഹുധ്രുവ ലോകവുമായി രാഷ്ട്രങ്ങള്‍ പൊരുത്തപ്പെടേണ്ടതായി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1997 മുതല്‍ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ബ്ലെയര്‍, നിലവിലെ ആഗോള ഭൂപ്രകൃതി തന്റെ ഭരണകാലത്തെക്കാള്‍ സങ്കീര്‍ണ്ണമാണെന്ന് ചൂണ്ടിക്കാട്ടി.

ചൈനയുടെയും ഇന്ത്യയുടെയും ഉയര്‍ച്ച ഭൗമരാഷ്‌ട്രീയത്തെ പുനര്‍നിര്‍മ്മിക്കുകയാണെന്നും സഖ്യങ്ങളുടെയും നയതന്ത്ര തന്ത്രങ്ങളുടെയും പുനര്‍മൂല്യനിര്‍ണയം ആവശ്യപ്പെടുന്നതായും അദ്ദേഹം വിശദീകരിച്ചു. ഈ മൂന്ന് മഹാശക്തികളോട് ഒരു പരിധിവരെ തുല്യതയോടെ സംസാരിക്കാന്‍ മറ്റ് രാജ്യങ്ങളെ പ്രാപ്തരാക്കുന്ന ശക്തമായ സഖ്യങ്ങള്‍ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.