ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തിൽ 14 പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് പറഞ്ഞു. ഇന്നു രാവിലെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ബാപ്പ നഗറിലുള്ള ഇരുനില കെട്ടിടം തകര്‍ന്നാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുറച്ച് പേര്‍ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എം ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന കെട്ടിടം പഴകിയതാണെന്നും ബാപ്പ നഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രദേശത്ത് ഇടുങ്ങിയ പാതയിലാണ് വീട് സ്ഥിതി ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.
രാവിലെ 9.11നാണ് ഇരുനില കെട്ടിടം തകര്‍ന്നതായി വിവരം ലഭിച്ചതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉടനെ അഞ്ച് ഫയര്‍ യൂണിറ്റുകളെയാണ് സംഭവസ്ഥലത്തേക്ക് അയച്ചതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.