
തിരുവനന്തപുരം: ദമ്പതികളും സുഹൃത്തും അടക്കം മൂന്നു മലയാളികള്‍ അരുണാചലില്‍ ദുരൂഹരീതിയില്‍ മരിച്ച സംഭവത്തില്‍ ഇനിയും ചുരുളഴിയാതെ പല ചോദ്യങ്ങളും ബാക്കിയാകുന്നു. ദമ്പതികളായ ദേവിയും നവീനും ഇവരുടെ സുഹൃത്ത് ആര്യയെയുമാണ് ദുരൂഹ സാഹചര്യത്തില്‍ അരുണാചലിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തതും ഭാര്യയേയും സുഹൃത്ത് ആര്യയേയും അരുണാചലിലേക്ക് പോകാന്‍ സ്വാധീനിച്ചത് നവീനാണെന്നാണ് നിഗമനം. ദേവിയും നവീനും യാത്ര പോകുന്നതിന് ഒരാഴ്ച മുന്‍പാണ് തിരുവനന്തപുരത്ത് എത്തിയത്. കഴക്കൂട്ടം ഭാഗത്താണ് ഇവര്‍ താമസിച്ചത്.
മരണശേഷം മറ്റൊരു ഗ്രഹത്തില്‍ സുഖജീവിതം ഉണ്ടാകുമെന്ന് നവീന്‍ ഇരുവരെയും പറഞ്ഞ് വിശ്വസിപ്പിച്ചതായും അന്വേഷണ സംഘം അനുമാനിക്കുന്നു. മാത്രമല്ല, മരണം എപ്രകാരം വേണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. അതിന്‍പ്രകാരം വ്യക്തമായ പ്ലാനുണ്ടാക്കിയായിരുന്നു നീക്കം.
സംഭവത്തില്‍ ദുര്‍മന്ത്രവാദത്തിന്റെ സാധ്യതകളുറപ്പിച്ച് തന്നെയാണ് പോലീസ് നീക്കം. കേരള പോലീസും അരുണാചല്‍ പോലീസും ഇതുറപ്പിച്ചിട്ടുണ്ട്. മരിച്ച ദേവിയുടെ അച്ഛനുമായി അരുണാചല്‍ പോലീസ് സംസാരിച്ചപ്പോള്‍ ഇവര്‍ക്ക് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടായിരുന്നുവെന്നും അത് വിലക്കിയിരുന്നുവെന്നുമാണ് ലഭിച്ച വിവരം.
സംശയത്തിനിട നല്‍കാതെ ആര്യ മകളാണ് എന്ന് പറഞ്ഞാണ് അരുണാചലില്‍ ഇവര്‍ മുറി എടുത്തത്. മൂന്നുപേരും പിന്നീട് അന്യഗ്രഹ വിശ്വാസങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരയുകയും മരണത്തിന് തയ്യാറെടുക്കുകയുമായിരുന്നു. ആര്യയുടെയും ദേവിയുടെയും കൈത്തണ്ട മുറിച്ച് അവരെ കൊലപ്പെടുത്തിയ ശേഷം നവീന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് അരുണാചല്‍ പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും ഇവര്‍ കഴിച്ചെന്നും സൂചനയുണ്ട്. മരിച്ച ദേവിയുടെയും ആര്യയുടെയും കൈത്തണ്ടയിലെയും കഴുത്തിലെയും മുറിവ് ആഴത്തിലുള്ളതാണ്. എന്നാല്‍, നവീനിന്റെ കഴുത്തിലെ മുറിവ് ആഴത്തിലുള്ളതല്ല. ഇതാണ് പോലീസ് കൊലപാതക സാധ്യതയെന്ന് വിലയിരുത്താനുള്ള കാരണം.
മാര്‍ച്ച് 28-നാണ് ഇവര്‍ ഹോട്ടലില്‍ 305-ാം നമ്പര്‍ മുറിയെടുക്കുന്നത്. 31 വരെ ഇവര്‍ പുറത്ത് പോയിവരുമായിരുന്നു. എന്നാല്‍ ഒന്നാം തീയതി ഇവരെ പുറത്തുകണ്ടില്ലെന്നും രണ്ടാം തീയതി ബലമായി മുറി തുറന്ന് നോക്കിയപ്പോഴാണ് ജീവനക്കാര്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നുമാണ് വിവരം. വിശദമായ കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘമാണ് ഇപ്പോഴുള്ളത്.
അതേസമയം, മൃതദേഹങ്ങള്‍ ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തിക്കും. ആര്യയുടെയും, ദേവിയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരത്തും, നവീന്റെ മൃതദേഹം മീനടത്തും അടക്കും.