‘നൂറ്റാണ്ടിലെ വിനാശകാരിയായ ചുഴലിക്കാറ്റ്’, അമേരിക്കയില്‍ കനത്ത നാശം വിതച്ച് മില്‍ട്ടണ്‍; നിരവധി മരണം, 30 ലക്ഷത്തിലേറെ വീടുകള്‍ ഇരുട്ടിലായി

വാഷിങ്ടണ്‍: അതിതീവ്ര ചുഴലിക്കാറ്റ് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടതിനെ തടര്‍ന്ന് അമേരിക്കയിൽ വന്‍ നാശനഷ്ടം. ഫ്ലോറിഡയിലാണ് ഏറ്റവും കനത്ത ആക്രമണം ഉണ്ടായത്. ഇവിടെ നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 30 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു. 105 മൈല്‍ വേഗതയില്‍ തീരപ്രദേശങ്ങളില്‍ കാറ്റ് ആഞ്ഞടിക്കുന്നതിനൊപ്പം കനത്ത മഴയും തുടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. നൂറ്റാണ്ടുകണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റായിരിക്കും മില്‍ട്ടനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്‌ ശരിവെക്കുന്ന നിലയിലുള്ള നാശമാണ് മിൽട്ടൻ ഉണ്ടാക്കിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.

വെള്ളപ്പൊക്കത്തിന് സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. കൊടുങ്കാറ്റില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. കടുത്ത വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഹാര്‍ഡി കൗണ്ടിയിലും അയല്‍പ്രദേശങ്ങളായ സരസോട്ട, മനാറ്റി കൗണ്ടികളിലുമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി മുടക്കം ഉണ്ടായത്. എന്നാല്‍ മരണസംഖ്യ എത്രയെന്ന് വ്യക്തമല്ല. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വീസുകളും റദ്ദാക്കി.

ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്‍പായി തന്നെ 125ലേറെ വീടുകള്‍ നശിച്ചിരുന്നു. അവയില്‍ പലതും മുതിര്‍ന്ന പൗരന്‍മാര്‍ താമസിക്കുന്ന ഇടങ്ങളാണ്. ഉഷ്ണമേഖലാ-കൊടുങ്കാറ്റ് കരയിലെത്തിയപ്പോള്‍ വേഗം മണിക്കൂറില്‍ 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് നിന്ന് 193 കിലോമീറ്ററായി ആയി കുറഞ്ഞു. ഫ്‌ലോറിഡയെത്തുമ്പോള്‍ മില്‍ട്ടന്റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ നേരത്തേ പ്രവചിച്ചിരുന്നു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്.

സെപ്റ്റംബര്‍ അവസാനത്തില്‍ കടുത്ത നാശം വിതച്ച ഹെലന്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പാണ് ഫ്‌ളോറിഡയില്‍ മില്‍ട്ടണ്‍ ഭീതി വിതക്കുന്നത്. വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ, ഫ്‌ളോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളില്‍ ഹെലന്‍ വ്യാപക നാശം വിതച്ചിരുന്നു. 230 ലേറെയാളുകളാണ് മരിച്ചത് .ഫ്‌ളോറിഡ മുതല്‍ വിര്‍ജീനിയ വരെ കനത്ത വെള്ളപ്പൊക്കത്തിനും കാരണമായി.

More Stories from this section

family-dental
witywide