
ഡല്‍ഹി: ഛത്തീസ്ഗഢില്‍ ബിജാപൂര്‍-സുഖ്മ അതിര്‍ത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മാവോയിസ്റ്റ് ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി റായ്പൂരിലേക്ക് കൊണ്ടുപോയി. 2021 ല്‍ സമാനമായ ആക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രദേശത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി സുക്മ ജില്ലയിലെ തെകുലഗുഡെം ഗ്രാമത്തില്‍ സുരക്ഷാ ക്യാമ്പ് സ്ഥാപിച്ചിരുന്നു. ക്യാമ്പ് സജ്ജീകരിച്ച ശേഷം ജില്ലാ റിസര്‍വ് ഗാര്‍ഡും കോബ്രാ ബറ്റാലിയനും പ്രത്യേക ടാസ്‌ക് ഫോഴ്സും പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേന തിരിച്ചടിച്ചതോടെ മാവോയിസ്റ്റുകള്‍ വനത്തിനുള്ളിലേക്ക് രക്ഷപ്പെടുകയായിരുന്നു.
മാവോയിസം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഡ്. സംസ്ഥാനത്തെ വനമേഖലകളിലും മലയോര മേഖലകളിലുമാണ് മാവോയിസ്റ്റുകള്‍ തങ്ങളുടെ താവളമൊരുക്കിയിരിക്കുന്നത്. ‘സര്‍ക്കാരിന്റെ ഭരണത്തില്‍ നിന്ന് മോചനം’ എന്നാണ് മാവോയിസ്റ്റുകളുടെ മുദ്രാവാക്യം.