ശ്രീനഗര്‍: കശ്മീരിലെ തെക്കന്‍ കുല്‍ഗാം ജില്ലയില്‍ വ്യാഴാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്ച രാവിലെയാണ് അവസാനിച്ചത്. എന്‍.ഐ.എ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ഭീകരരെയാണ് വധിച്ചത്.
ചൊവ്വാഴ്ച പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കറെ തൊയ്ബയുടെ ഭീകരന്‍ ബാസിത് ദാര്‍ ഉള്‍പ്പെടെ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നാമത്തെ ഭീകരനെ ബുധനാഴ്ച റെഡ്വാനി പയീന്‍ മേഖലയില്‍ വധിച്ചിരുന്നു. മെയ് നാലിന് പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കെടുത്ത തോക്കുധാരികളെ കണ്ടെത്താന്‍ സുരക്ഷാ സേന സെര്‍ച്ച് ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഭീകരരെ ഇല്ലാതാക്കിയത്. എന്നാല്‍, പൂഞ്ച് ആക്രമണത്തിന് പിന്നില്‍ സൈന്യവുമായുള്ള വെടിവെപ്പില്‍ ഏര്‍പ്പെട്ടിരുന്ന ഭീകരരാണോ കൊല്ലപ്പെട്ടതെന്ന് ഇതുവരെ അറിവായിട്ടില്ല.
കശ്മീരിലുടനീളം വന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സുരന്‍കോട്ട് മുതല്‍ ജറന്‍ വാലി ഗലി പ്രദേശങ്ങളിലും രജൗരിയിലും തിരച്ചില്‍ ഊര്‍ജിതമാക്കുകയും പ്രധാന റോഡുകളിലെല്ലാം പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.