തൃശൂര്‍: ഉത്സവ പ്രേമികളെ ആവേശത്തിലാക്കി പൂര ലഹരിയില്‍ ആറാടി തൃശൂര്‍. നാളെയാണ് തൃശൂര്‍ പൂരം.
ഇന്ന് രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക. പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക.
പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തും. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ ശ്രീമൂലസ്ഥാനത്ത് എത്തും. അകത്ത് പ്രവേശിച്ച് വലം വച്ച് തെക്കേ ഗോപുരം തുറന്ന് പുറത്തേക്കിറങ്ങും.
വടക്കുന്നാഥനെ വണങ്ങി അടിയന്തിര മാരാര്‍ ശംഖ് വിളിക്കുന്നതോടെ പൂര വിളംബരമായി. പിന്നീടുള്ള 36 മണിക്കൂര്‍ നാദ, മേള വര്‍ണ്ണ വിസ്മയങ്ങളാണ്. പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉച്ചതിരിഞ്ഞ് നടക്കും. രണ്ടുമണിയോടെ തേക്കിന്‍കാട് മൈതാനിയും പാറമേക്കാവും ആനകളെക്കൊണ്ട് നിറയും.
ബുധനാഴ്ച രാവിലെ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ ചമയപ്രദര്‍ശനത്തിനും തുടക്കമായി പ്രദര്‍ശനം ഇന്നും തുടരും. പൂരനഗരിയെ ആവേശത്തിലാക്കി ഇന്നലെ രാത്രി 7.45 ഓടെ സാമ്പിള്‍ വെടിക്കെട്ട് ആകാശത്ത് വിസ്മയം തീര്‍ത്തിരുന്നു.