തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ കേരള സർക്കാർ വിശദമായ അന്വേഷണം പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന് ഇന്നറിയാം. ഡിജിപിക്ക് കൈമാറിയ എഡിജിപിയുടെ റിപ്പോർട്ടും, എഡിജിപിക്കെതിരായ കുറിപ്പും മുഖ്യമന്ത്രി ഇന്നലെ പരിശോധിച്ചിരുന്നു. എഡിജിപിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഡിജിപിയുടെ കുറിപ്പിലുള്ളത്. ഇതുംകൂടി പരിഗണിച്ചാകും സർക്കാർ നീക്കം.
പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിൻ്റെ സംശയാസ്പദ നീക്കമുണ്ടായെന്നാണ് എഡിജിപിയുടെ കണ്ടെത്തൽ. വിശദമായ അന്വേഷണമാണ് സിപിഐയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. ഗൂഡാലോചന പുറത്തുവരാൻ വിശദമായ അന്വേഷണം ഡിജിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ജുഡീഷ്യൽ അന്വേഷണമോ ക്രൈം ബ്രാഞ്ച് അന്വേഷണമോ സർക്കാറിന് പ്രഖ്യാപിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
അതേസമയം, തൃശൂര്‍പൂരം അലങ്കോലമായതിനു പിന്നില്‍ എഡിജിപി അജിത്കുമാറിന്റെ രഹസ്യ ഇടപെടലെന്ന് സൂചന നല്‍കുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ അജിത്കുമാര്‍ ഇടപെട്ടെന്നാണ് സേനാംഗങ്ങള്‍ പറയുന്നത്. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തൃശൂരില്‍ താമസിച്ച് രാവിലെതന്നെ അവിടേക്കു പോയെന്ന് അജിത്കുമാര്‍ നേരത്തേ ഡിജിപിയെ അറിയിച്ചിരുന്നു. അജിത്കുമാര്‍ പൂരദിവസം പുലര്‍ച്ച മൂന്നര വരെ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിനിടെ രണ്ടു തവണ പൂരസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. പുലര്‍ച്ചെ മടങ്ങിയ ശേഷം ഫോണില്‍ ബന്ധപ്പെടാനായില്ലെന്നും സേനയില്‍നിന്നുള്ളവര്‍ പറയുന്നു.