തൃശൂര്‍: പൂര പ്രേമികളുടെ ആവേശമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് ഇന്ന് വൈകിട്ട് ഏഴോടെ തുടക്കമാകും. പാറമേക്കാവ് വിഭാഗമാണ് ആദ്യം തിരികൊളുത്തുക. തുടര്‍ന്ന് തിരുവമ്പാടി വിഭാഗത്തിന്റെ ഊഴമാണ്. പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളുടെ ചമയപ്രദര്‍ശനത്തിനും ഇന്ന് തുടക്കമായി.
അതേസമയം, പൂരത്തിനു മുന്നോടിയായി ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചിട്ടുണ്ട്. വെറ്ററിനറി സംഘത്തിന്റെ പരിശോധനക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ലെന്ന ഉറപ്പാണ് മന്ത്രി കെ രാജന്‍ നല്‍കിയിരിക്കുന്നത്. വനം വകുപ്പിന്റെ ഉത്തരവില്‍ നിന്നും ഇത് ഉടന്‍ ഒഴിവാക്കുമെന്നും പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും പൂരം നല്ല രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോടതിവിധിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ആയിരിക്കാം ഉത്തരവുകള്‍ക്ക് കാരണമെന്നും ഇക്കാര്യങ്ങളെല്ലാം വനംവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ.രാജന്‍ പറഞ്ഞു.