
തൃശൂർ: ചർച്ചകൾ ഫലം കണ്ടതിനെ തുടർന്ന് തൃശൂര്‍ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ടും പൂര്‍ത്തിയായി. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നത്. വെളിച്ചം വീണ ശേഷം വെടിക്കെട്ട് നടത്തിയതിനാല്‍ പൂരപ്രേമികള്‍ നിരാശയിലാണ്. പുലര്‍ച്ചെ മൂന്നരയോടെ നടക്കേണ്ടിയിരുന്ന വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകി നടന്നത്.
ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെ മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ദേവസ്വങ്ങൾ തീരുമാനിക്കുകയായിരുന്നു. മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. . തീരുമാനത്തിന് പിന്നാലെ പന്തലിലെ അണച്ച ലൈറ്റ് തെളിയിച്ചു.
പൊലീസ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ചാണ് വെടിക്കെട്ട് നിര്‍ത്തിവെച്ചത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പൂരപറമ്പില്‍ പൊലീസ് രാജെന്ന് ദേശക്കാര്‍ ആരോപിച്ചു. ഒടുവില്‍ മന്ത്രി കെ രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് പൂരം പുനഃരാരംഭിക്കാനും വെടിക്കെട്ട് നടത്താനും തീരുമാനിച്ചത്.