ഒരു സുപ്രധാന നീക്കത്തില്‍, ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിക്കാനുള്ള വക്കിലാണ് അമേരിക്ക. ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സ് ആപ്പിലെ ഓഹരികള്‍ വില്‍ക്കുകയോ അല്ലെങ്കില്‍ രാജ്യവ്യാപകമായി നിരോധനം നേരിടുകയോ ചെയ്യുന്ന ബില്ലില്‍ പ്രസിഡന്റ് ബൈഡന്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് തീരുമാനം. ഉക്രെയ്ന്‍, ഇസ്രായേല്‍, തായ്വാന്‍ എന്നിവിടങ്ങളിലേക്ക് 95.3 ബില്യണ്‍ ഡോളറിന്റെ അടിയന്തര സഹായം നല്‍കുന്ന ബില്ലുകളുടെ പാക്കേജില്‍ ഉള്‍പ്പെടുത്തി ഏപ്രില്‍ 24നാണ് നിര്‍ണായക തീരുമാനം എത്തിയത്.
ടിക് ടോക് നിരോധനത്തിനപ്പുറം അമേരിക്കയില്‍ എന്തെന്ന ചോദ്യത്തിന് ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതിയിലേക്കുള്ള യാത്രയിലാണ് അമേരിക്ക എന്ന് പറയേണ്ടി വരും. അഥവാ അമേരിക്കയ്ക്ക് പാഠമായി ഇന്ത്യ മുമ്പേ നടന്നു എന്ന് സാരം.
ടിക് ടോക്ക് യുഎസില്‍ നിരോധിച്ചാല്‍, അമേരിക്കന്‍ സോഷ്യല്‍ മീഡിയ ലാന്‍ഡ്സ്‌കേപ്പ് ഇന്ത്യയുടേതിന് സമാനമായ പാത പിന്തുടരും എന്നു തന്നെയാണ് ടെക് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ 2020 ലാണ് ടിക് ടോക് നിരോധിച്ചത്. നിരോധനത്തിന് നാല് വര്‍ഷത്തിന് ശേഷം, ഇന്‍സ്റ്റാഗ്രാമും യൂട്യൂബും ഇതിനകം തന്നെ ഹ്രസ്വ വീഡിയോകള്‍ക്കുള്ള ഒരു ഹോം ആയി സ്വയം സ്ഥാപിച്ചു കഴിഞ്ഞു. ലിങ്ക്ഡ്ഇന്‍ പോലും ടിക് ടോക്ക് ശൈലിയിലുള്ള വീഡിയോ ഫീഡില്‍ പരീക്ഷണം നടത്തുന്നുണ്ട്. വിജയം കണ്ടെത്തുന്നതിന് ടിക് ടോക്കിന്റെ സംസ്‌കാരം പുനഃസൃഷ്ടിക്കേണ്ടതില്ലെന്ന് ആപ്പിന്റെ എതിരാളികള്‍ തെളിയിച്ചിട്ടുണ്ട്.
18-നും 29-നും ഇടയില്‍ പ്രായമുള്ള അമേരിക്കക്കാരില്‍ മൂന്നിലൊന്ന് പേര്‍ക്കും അവരുടെ വാര്‍ത്തകള്‍ അല്ലെങ്കില്‍ അപ്‌ഡേറ്റുകള്‍ ടിക് ടോക്കില്‍ നിന്ന് ലഭിക്കുന്നു. അതില്ലാതായാല്‍ ആദ്യമൊരു അങ്കലാപ്പും പിന്നീട് എല്ലാത്തിനോടും പൊരുത്തപ്പെടാനുള്ള നീക്കവും ആളുകള്‍ ആരംഭിക്കും. പിന്നീടാണ് പകരം മറ്റെന്ത് എന്ന ചോദ്യം വരുന്നത്. ടിക് ടോക്കിന് യുഎസില്‍ 170 ദശലക്ഷം ഉപയോക്താക്കളുണ്ട്, രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം എന്നുതന്നെ പറയാം.
ടിക് ടോക് നിരോധനം ഇന്ത്യയുടെ ഡിജിറ്റല്‍ ലാന്‍ഡ്സ്‌കേപ്പില്‍ കാര്യമായ മാറ്റത്തിന് കാരണമായി, അക്കാലത്ത് ഇന്ത്യയിലെ ഏകദേശം 200 ദശലക്ഷം ടിക് ടോക്ക് ഉപയോക്താക്കള്‍ ഇതര പ്ലാറ്റ്ഫോമുകള്‍ക്കായി തിരഞ്ഞു. ഇത് മറ്റ് സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ഗൂഗിള്‍, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്ക് സമാനമായ ഹ്രസ്വ വീഡിയോ സവിശേഷതകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി, ടിക് ടോക്ക് ഉപേക്ഷിച്ച വിപണിയുടെ ഭൂരിഭാഗവും അവര്‍ പിടിച്ചെടുത്തു.
ഇന്ത്യ ടിക് ടോക്ക് നിരോധിച്ചപ്പോള്‍, ആപ്പ് ഇപ്പോഴുള്ളത്ര ഭീമാകാരമായ വളര്‍ച്ച നേടിയിരുന്നില്ല, ഇപ്പോള്‍ ഇത് ഒരു സാംസ്‌കാരിക വിപ്ലവമായി മാറിയിരിക്കുന്നു. ഇപ്പോള്‍ അമേരിക്കയില്‍ ഇത് നിരോധിക്കുന്നത് വളരെ വലിയ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു. യുഎസ് ഗവണ്‍മെന്റിന്റെ പുതിയ നിയമത്തിനെതിരെ കമ്പനി നിയമപോരാട്ടം നടത്തുമെന്ന് പ്രതിജ്ഞയെടുത്തു, ഈ പോരാട്ടം യുഎസ് സുപ്രീം കോടതി വരെ എത്തിയേക്കാം.
ഇന്‍സ്റ്റഗ്രാമും യൂട്യൂബ് ഷോര്‍ട്‌സും ഒക്കെ ടിക് ടോകിനു പകരക്കാരനായി എത്തിയേക്കാം. എന്നിരുന്നാലും ഇന്‍സ്റ്റഗ്രാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനേക്കാള്‍ എളുപ്പമാണ് ടിക് ടോകിന്റെ ലോകത്തേക്ക് എത്തിപ്പെടുന്നത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ ആളുകളെ ചെറിയ വീഡിയോ ചെയ്യാനും ഫോളോവേഴ്‌സിനെ കൂട്ടാനും കാഴ്ചക്കാരാകാനും ടിക് ടോകിന് ഒരു പ്രത്യേക ആകര്‍ഷണമുണ്ട് എന്നത് തന്നെ കാര്യം.