ന്യൂയോർക്ക്: വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ഷോർട്ട് വിഡിയോ ആപ്പ് ആയ ടിക്ക് ടോക് നിരോധിക്കാന്‍ അമേരിക്കയും തയ്യാറെടുക്കുന്നു. ടിക്ക് ടോക് നിരോധിക്കുന്ന ബില്‍ യു എസ് പ്രതിനിധി സഭ പാസാക്കി. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോക്കിന്റെ മാതൃകമ്പനി. ആപ്പിന്റെ ഉടമസ്ഥാവകാശം വിറ്റ് ഒഴിവാക്കാൻ ബൈറ്റ് ഡാൻസ് തയ്യാറായില്ലെങ്കിൽ അമേരിക്കയിൽ ടിക്ക് ടോക് നിരോധിക്കാനാണ് സാധ്യത. ആറ് മാസത്തെ കാലാവധിയാണ് പ്രതിനിധി സഭ അനുവദിച്ചിരിക്കുന്നത്. സെനറ്റ് ബില്ല് പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. നിയമം നിലവിൽ വരുന്നതോടെ ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ആപ്പ് സ്റ്റോറും അടക്കം അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക്ക് ടോക്കിനെ നീക്കും. സെനറ്റ് കൂടി ബില്ല് പാസാക്കിയാൽ താൻ നിയമത്തിലൊപ്പിടുമെന്ന് പ്രസിഡന്റ് ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ടിക്ക് ടോക്ക് നിരോധിക്കാനുള്ള യു എസ് നീക്കത്തിനെതിരെ വിമർശനവുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ, ബ്രിട്ടൺ, ന്യൂസിലൻഡ്, കാനഡ, തായ്‌വാൻ, ബെൽജിയം, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും മുമ്പ് ടിക് ടോക്കിനെ നിരോധിച്ചിരുന്നു.
TikTok Ban LIVE updates US House passes bill that could ban TikTok nationwide