വാഷിംഗ്ടൺ: ഗാസ മുനമ്പിൽ നിന്ന് ഒരു ഇസ്രയേലി-അമേരിക്കൻ വംശജയുടേതുൾപ്പെടെ ആറ് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്ത സംഭവം തന്നെ തകർത്തു കളഞ്ഞെന്നും താൻ തീർത്തും രോഷാകുലനാണെന്നും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.
സംഭവത്തെ ദുരന്തമെന്നും അപലപനീയമെന്നും ബൈഡൻ വിശേഷിപ്പിച്ചു. ഹമാസ് നേതാക്കൾ ഈ കുറ്റകൃത്യങ്ങൾക്ക് മറുപടി നൽകേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. അതേസമയം ഹമാസിന്റെ പക്കൽ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിനായി 24 മണിക്കൂറും പ്രവർത്തിക്കുമെന്നും ബൈഡൻ ഉറപ്പുപറഞ്ഞു.
ഹമാസ് ബന്ദികളാക്കിയ ആറുപേരുടെ മൃതദേഹങ്ങൾ ശനിയാഴ്ച റാഫ നഗരത്തിന് കീഴിലുള്ള തുരങ്കത്തിൽ നിന്ന് ഇസ്രായേലി സേന കണ്ടെടുത്തതായി യുഎസ് പ്രസിഡൻ്റ് പറഞ്ഞു.
“ഹമാസ് ഭീകരർ കൊലപ്പെടുത്തിയ ബന്ദികളിൽ ഒരാൾ അമേരിക്കൻ പൗരനാണെന്ന് ഞങ്ങൾ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്,” ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ, വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു.
തെക്കൻ ഗാസയിലെ റഫയിൽ നിന്ന് കണ്ടെടുത്ത ആറ് ബന്ദികളെ ഐഡിഎഫ് സൈനികർ എത്തുന്നതിന് തൊട്ടുമുമ്പ് ഹമാസ് “ക്രൂരമായി കൊലപ്പെടുത്തി” എന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.