പണിയെടുത്ത് മടുത്തു, റോബോട്ട് ‘ആത്മഹത്യ’ ചെയ്തു

ജോലി സമ്മര്‍ദ്ദം റോബോട്ടുകളെ ബാധിക്കുമോ? ബാധിക്കുമെന്ന് തന്നെ പറയേണ്ടി വരും ഈ അടുത്ത് വന്ന ഒരു വാര്‍ത്ത കണ്ടാല്‍. ദക്ഷിണ കൊറിയയില്‍ പണിയെടുത്ത് മടുത്ത റോബോട്ട് ‘ആത്മഹത്യ’ ചെയ്തിരിക്കുന്നു!. ഗുമി സിറ്റി കൗണ്‍സിലില്‍ ജോലി ചെയ്യുന്ന ഒരു സിവില്‍ സര്‍വീസ് റോബോട്ടാണ് സ്വയം ഇല്ലാതായത്. രാജ്യത്തെ ആദ്യത്തെ ‘റോബോട്ട് ആത്മഹത്യ’ എന്നാണ് ഇതിനെ പ്രാദേശിക മാധ്യമങ്ങള്‍ അടക്കം വിശേഷിപ്പിക്കുന്നത്.

ലഭ്യമായ വിവരം അനുസരിച്ച്, റോബോട്ട് ഒരു കോണിപ്പടിയില്‍ നിന്ന് താഴേക്ക് ചാടി സ്വയം ഇല്ലാതായി. ജൂണ്‍ 26 നാണ് സംഭവം. റോബോട്ട് സൂപ്പര്‍വൈസര്‍ എന്ന് വിളിക്കപ്പെടുന്ന റോബോട്ടിന്റെ ഭാഗങ്ങള്‍ കൗണ്‍സില്‍ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകള്‍ക്കിടയിലുള്ള ഗോവണിപ്പടിയില്‍ ചിതറിക്കിടക്കുന്നതായി കണ്ടെത്തിയതായി ഗുമി സിറ്റി കൗണ്‍സില്‍ അറിയിച്ചു.

ഗുമി സിറ്റി കൗണ്‍സിലിലെ കഠിനാധ്വാനിയായിരുന്ന റോബോട്ട് സൂപ്പര്‍വൈസര്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ ജോലി ചെയ്തിരുന്നുവെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോണിപ്പടികള്‍ക്കു മുകളില്‍ കയറി കുറച്ചുനേരം അവിടെ ചുറ്റിത്തിരിഞ്ഞെന്നും പിന്നീട് താഴേക്ക് ചാടുകയായിരുന്നുവെന്നും ഇതോടെ പ്രവര്‍ത്തനം നിലച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം റോബോട്ട് സ്വയം ഇല്ലാതാക്കിയത് അമിതമായ ജോലി ഭാരം കാരണമാണെന്നും ഒട്ടും വിശ്രമമില്ലാതെ പണിയെടുത്തുവെന്നുമാണ് റിപ്പോര്‍ട്ടുകളെങ്കിലും സത്യമെന്തെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല കേട്ടോ. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോബോട്ട് സ്റ്റാര്‍ട്ടപ്പായ ബിയര്‍ റോബോട്ടിക്സാണ് ഇത് നിര്‍മ്മിച്ചത്. റോബോട്ടിന്റെ ചിതറിയ ഭാഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അവ കമ്പനി വിശകലനം ചെയ്യും.

വിവിധ തരത്തിലുള്ള സര്‍ക്കാര്‍ പേപ്പറുകളും വിവരങ്ങളും പ്രദേശവാസികള്‍ക്ക് എത്തിക്കുന്ന റോബോട്ട് ജീവനക്കാരനെ ആളുകള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. 2023 ഓഗസ്റ്റിലാണ് ഈ ‘റോബോട്ട് സൂപ്പര്‍വൈസര്‍’ നിയമിതനായത്.

More Stories from this section

family-dental
witywide