ഡൽഹി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന വിവാദത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൾഹാദ് ജോഷി. ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ഇതുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ച് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്.
മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് പ്രസിദ്ധമായ തിരുപ്പതി ലഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നു കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നും നായിഡു ആരോപണം ഉന്നയിച്ചിരുന്നു.
ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് പ്രസിദ്ധമായ തിരുപ്പതി ലഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്. ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്.
നായിഡുവിന്റെ പരാമർശം ക്ഷേത്രത്തിന്റെ പരിശുദ്ധിക്കും പവിത്രതയ്ക്കും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനും കോട്ടം വരുത്തിയെന്നും. തിരുമല പ്രസാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്. ആരും ഇത്തരം വാക്കുകൾ പറയുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യില്ലായെന്നും മുതിർന്ന വൈഎസ്ആർസിപി നേതാവും മുൻ ടിടിഡി ചെയർമാനുമായ വൈവി സുബ്ബ റെഡ്ഡി തിരിച്ചടിച്ചിരുന്നു.