മദ്യ ലഹരിയിൽ ചിലർ ചെയ്തുകൂട്ടുന്ന പരാക്രമങ്ങൾ പലപ്പോഴും വലിയ ദുരന്തത്തിൽ കലാശിക്കാറുണ്ട്. ലഹരി തലക്ക് പിടിച്ച് ഒരു നിമിഷത്തിലെ അതിസാഹസികതകൊണ്ട് ജീവൻ നഷ്ടപ്പെട്ടുപോയവരുടെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ വാർത്തയാണ് ആന്ധ്ര പ്രദേശിലെ തിരുപ്പതിയിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മദ്യ ലഹരിയിൽ തിരുപ്പതിയിലെ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ജീവൻ നഷ്ടമായി.
രാജസ്ഥാന്‍ ആല്‍വാര്‍ ബന്‍സൂര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാര്‍ എന്ന 34 കാരനാണ് സിംഹത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച് ജീവൻ നഷ്ടമായത്. മൃഗശാല അധികൃതരുടെ കണ്ണുവെട്ടിച്ച് കൂട്ടിലേക്ക് ചാടിയിറങ്ങിയാണ് പ്രഹ്ലാദ് സെൽഫിയെടുക്കാൻ ശ്രമിച്ചത്. കൂട്ടിനകത്തുണ്ടായിരുന്ന സിംഹം നിമിഷങ്ങൾക്കകം പ്രഹ്ലാദിനെ കടിച്ചുകൊല്ലുകയായിരുന്നു.
സംഭവം ഇങ്ങനെ
വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് പ്രഹ്ലാദ് തിരുപ്പതിയിലെ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലെത്തിയത്. സിംഹങ്ങളുടെ കൂടിനടുത്തെത്തിയപ്പോളാണ് സെൽഫിയെടുക്കാനായി അതിസാഹസികതയ്ക്ക് തുനിഞ്ഞത്. സിംഹങ്ങളെ പാർപ്പിച്ചിരുന്ന സ്ഥലത്തെ ചുറ്റുമതില്‍ ആരും കാണാതെ ചാടിയിറങ്ങുകയായിരുന്നു പ്രഹ്ലാദ്. യുവാവ് ചുറ്റുമതിൽ ചാടിയിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സുരക്ഷ ജീവനക്കാരന്‍ പ്രഹ്ലാദിനെ വിളിച്ച് മുന്നറിയിപ്പ് നല്‍കി. എന്നാൽ തിരികെ കയറാതെ ഇയാള്‍ കൂടിന് സമീപത്തേക്ക് ചെല്ലുകയായിരുന്നു. പെട്ടെന്ന് തന്നെ ഒരു ആണ്‍ സിംഹം പ്രഹ്ലാദിനെ ആക്രമിച്ചു. ഇയാളുടെ കഴുത്തിന് പിടിച്ച് വലിച്ചു കീറുകയായിരുന്നു. സിംഹത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ സമീപത്തെ മരത്തില്‍ കയറാന്‍ നോക്കിയെങ്കിലും ശ്രമം വിഫലമായി. ഓടിയെത്തിയ സുരക്ഷ ജീവനക്കാര്‍ ശബ്ദമുണ്ടാക്കി സിംഹത്തെ കൂട്ടിലേക്ക് ഓടിച്ചുകയറ്റി. ഉടന്‍ തന്നെ പ്രഹ്ലാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രഹ്ലാദ് മദ്യലഹരിയിലാണ് ചുറ്റുമതില്‍ ചാടി സിംഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ കൃത്യമായി കാര്യം മനസിലാകു എന്നുമാണ് പൊലീസ് പറയുന്നത്.
Lion kills man who entered enclosure for taking selfie at Tirupati zoo