കൊൽക്കത്ത: ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾക്കായി വാതിലുകൾ ഇപ്പോഴും തുറന്നിരിക്കുന്നു എന്ന് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞ കോൺഗ്രസിനെ തള്ളിയാണ് തൃണമൂലിന്റെ സ്ഥാനാർഥി പ്രഖ്യാപനം.
കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ റാലിയിലാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമതാ ബാനർജിയാണ് പട്ടിക പ്രഖ്യാപിച്ചത്. മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ, കിർത്തി ആസാദി, മഹുവ മൊയ്ത്ര, എന്നിവർ മത്സരരംഗത്തുണ്ട്. ബെർഹാംപോറിൽനിന്നാണ് യൂസഫ് പഠാൻ മത്സരിക്കുന്നത്. മഹുവ മൊയ്ത കൃഷണനഗറിൽ നിന്നും കിർത്തി ആസാദ് ദുർഗാപൂർ ബർദ്മാൻ മണ്ഡലത്തിൽ നിന്നും മത്സരിക്കും. ഇത് രണ്ടാം തവണയാണ് മഹുവ മൊയ്ത കൃഷ്ണനഗറിൽ നിന്ന് ജനവിധി തേടുന്നത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒന്നിച്ച പ്രതിപക്ഷ പാർട്ടികളുടെ ഒരു സഖ്യമായ ഇന്ത്യാ ബ്ലോക്കിൻ്റെ ഭാഗമാണ് കോൺഗ്രസും തൃണമൂലും. ബംഗാളിൽ ബിജെപിയെ വെല്ലുവിളിക്കാൻ തൻ്റെ പാർട്ടിക്ക് മാത്രമേ കഴിയൂ എന്ന മമതാ ബാനർജിയുടെ പ്രഖ്യാപനത്തിന്റെ തെളിവാണ് ഇന്നത്തെ സീറ്റ് സ്ഥാനാർഥി പ്രഖ്യാപനം. സീറ്റ് സംബന്ധിച്ച് കോൺഗ്രസുമായി നടത്തിയ ചർച്ചകൾ പാളിയതും മറ്റൊരു കാരണമായി.
16 സിറ്റിങ് എംപിമാരെ നിലനിർത്തുകയും ബാക്കിയുള്ളവരെ ഒഴിവാക്കുകയും ചെയ്തു. 12 വനിതാ സ്ഥാനാർത്ഥികളും ടിഎംസിയുടെ ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. സന്ദേശ്ഖലി ഉൾപ്പെട്ട ബസിർഹതിൽ നിന്ന് ഹാജി നൂറുൾ ഇസ്ലാം മത്സരിക്കും. എന്നാൽ ബസിർഹതിലെ സിറ്റിങ് എംപിയായ നുസ്രത് ജഹാനെ മാറ്റിയാണ് മുൻ എംപിയായ നൂറുൽ ഇസ്ലാമിനെ മത്സരിപ്പിക്കുന്നത്. അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് മത്സരിക്കും. ശത്രുഘ്നന്‍ സിന്‍ഹ അസന്‍സോളില്‍ നിന്നും സയാനി ഖോഷ് ജാദവ്പൂരില്‍ നിന്നും മത്സരിക്കും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെയാണ് ടിഎംസി യുസുഫ് പഠാനെ ഇറക്കിയിരിക്കുന്നത്.