സാൻഫ്രാൻസിസ്കോ: അമേരിക്കൻ ഹരിതോർജ സ്ഥാപനമായ ഒമിയം ഇന്റർനാഷണൽ, ചെങ്കൽപേട്ട് ജില്ലയിൽ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ തമിഴ്നാട് സർക്കാരുമായി 400 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടു. ഇതുവഴി ഏകദേശം 500 പേർക്ക് പുതുതായി ജോലി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി രണ്ടാഴ്ചത്തെ യുഎസ് സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ സാന്നിധ്യത്തിൽ ഞായറാഴ്ച സാൻഫ്രാൻസിസ്കോയിൽ വച്ചായിരുന്നു ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സംസ്ഥാനത്തേക്കു കൂടുതൽ വിദേശ നിക്ഷേപം എത്തിക്കുന്നതിനായി യുഎസിലുള്ള മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഒപ്പിട്ടത്.
ഹരിതോർജം ഉൽപാദിപ്പിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. ഓഗസ്റ്റ് 28ന് യുഎസിലെത്തിയ സ്റ്റാലിൻ ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കം വിവിധ പ്രമുഖ കമ്പനികളുമായി ഇതിനകം ചർച്ച നടത്തി. സെമികണ്ടക്ടർ, ടെലികോം മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട് 900 കോടി രൂപയുടെ കരാറിൽ നേരത്തെ ഒപ്പുവച്ചിരുന്നു.