കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എന്നാല്‍ പി.പി.ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍കക്ഷി ചേരും. നവീന്റെ ഭാര്യ മഞ്ജുഷയാണ് കക്ഷിചേരുക.
അതേസമയം, ദിവ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. രണ്ടു ദിവസത്തേക്ക് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് സാധ്യത. അറസ്റ്റിനു പിന്നാലെ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴിയും അന്വേഷണ പുരോഗതിയും പ്രത്യേക അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയെ അറിയിക്കും.