
കുട്ടികള്‍ക്ക് നല്‍കുന്ന അമിത സ്വാതന്ത്ര്യവും അമിതസ്‌നേഹവും അവരെ ദോഷകരമായേ ബാധിക്കൂ. അമിതമായ സ്‌നേഹ പരിചരണം നല്‍കുന്നത് നല്ലൊരു നേതൃത്വപാടവമുള്ളവരായി വളരാന്‍ കുട്ടികള്‍ക്ക് തടസ്സമാവുകയാണ് ചെയ്യുന്നതെന്ന് ഡോ. ടിം എല്‍മോര്‍ വ്യക്തമാക്കുന്നു. ‘ഇന്നത്തെ കുട്ടികളെ ഭാവിയിലെ നല്ല നേതാക്കന്മാരായി എങ്ങനെ വളര്‍ത്തിയെടുക്കാം’ എന്ന വിഷയത്തെ സംബന്ധിച്ച് ഗവേഷണം നടത്തുകയും 25 ലധികം ബുക്കുകള്‍ എഴുതുകയും ചെയ്തിട്ടുണ്ട് ഡോ. ടിം എല്‍മോര്‍.
മക്കളെ പരാജയപ്പെടുത്തുന്ന മാതാപിതാക്കളുടെ സ്വഭാവത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ച് ഡോ. ടിം എല്‍മോര്‍ പറയുന്നതിങ്ങനെ:
അപകടങ്ങളെ അഭിമുഖീകരിക്കാന്‍ അനുവദിക്കാത്ത മാതാപിതാക്കള്‍ ആരോഗ്യകരമായ റിസ്‌ക് പോലും ഏറ്റെടുക്കാനനുവദിക്കാതെ മക്കളെ വളര്‍ത്തുന്നത് ദോഷഫലമാണ് ഉണ്ടാക്കുക. വീടിനു പുറത്തുപോയി കളിക്കാന്‍ മക്കളെ അനുവദിക്കാതെ വളര്‍ത്തുന്നത്, ഭാവിയില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ അവരെ അപ്രാപ്യരാക്കുകയും അപരിചിതരെ ഭയത്തോടെ കാണാന്‍ ഇടയാക്കുകയും ചെയ്യുമെന്നാണ് കുട്ടികളുടെ മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. എതിര്‍ലിംഗത്തില്‍പ്പെട്ട കുട്ടികളുമായി കളിക്കുന്നതും അവരില്‍ നിന്നും അഭിനന്ദനങ്ങളും ആശ്വാസവാക്കുകളും ലഭിക്കുന്നതും കുട്ടികളില്‍ നല്ല സൗഹൃദം വളരാന്‍ സഹായിക്കും.
മുപ്പതു വയസ്സാകുമ്പോഴേക്കും മാതാപിതാക്കള്‍ ആകും ഇന്നത്തെ തലമുറ. സ്വന്തം മക്കളുടെ ആവശ്യങ്ങള്‍ പെട്ടെന്ന് നിറവേറ്റി കൊടുക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ പെട്ടെന്ന് തന്നെ നല്‍കുകയും ചെയ്യുന്നു. സ്വയം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും മക്കളെകൊണ്ട് ചെയ്യിപ്പിക്കാതെ, പറയുന്ന വസ്തുക്കള്‍ ഉടനെ വാങ്ങിക്കൊടുത്ത്, അനാവശ്യ ആഗ്രഹങ്ങളെ അടക്കിവെക്കാന്‍ പഠിപ്പിക്കാതെ, ഒന്നു വീണാല്‍ ഒന്നു കരയാന്‍ പോലും ഇടനല്‍കാതെ ഓമനിച്ച് ലാളിച്ച് വളര്‍ത്തുന്നത് കഴിവില്ലാത്തവരായി മക്കളെ വളര്‍ത്തുന്നതിലേക്ക് നയിക്കും.
കുട്ടികളെ അമിതമായ പുകഴ്ത്തുന്നതാണ് മറ്റൊരു കുഴപ്പം. ചെറിയ വിജയങ്ങളെ വല്ലാതെ പുകഴ്ത്തുമ്പോള്‍, വലിയ വിജയങ്ങള്‍ നേടേണ്ട സമയം വരുമ്പോള്‍ കുട്ടികള്‍ സ്വന്തം കഴിവില്‍ അഹങ്കാരമുള്ളവരായി മാറിയിട്ടുണ്ടാകും. ഒപ്പം മത്സരിച്ച കുട്ടികളുടെ പോരായ്മകള്‍ മക്കളുടെ മുന്നില്‍ വച്ച് പറയുന്നതും മാതാപിതാക്കള്‍ ഒഴിവാക്കണം.
കൂടുതല്‍ മക്കളുള്ളപ്പോള്‍ മുതിര്‍ന്ന കുട്ടികളെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിച്ചും പറഞ്ഞും പരിശീലിപ്പിക്കുക. അതില്‍ അഭിമാനിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഓരോരുത്തരുടേയും കഴിവില്‍ അവരെ അഭിനന്ദിക്കുക, മറ്റു മക്കളുടെ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കഴിവുകെട്ടവരായി കുറ്റപ്പെടുത്തരുത്. ചെറിയ സമ്മാനങ്ങള്‍ നല്‍കി കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ വീണ്ടും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് അത് പ്രോത്സാഹനമാവുകയും താഴെയുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്യും. മികച്ച പേരന്റിംഗിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ഒരു തിരിഞ്ഞുനോട്ടത്തിന് മാതാപിതാക്കളെ സഹായിക്കുമെന്നുറപ്പാണ്.