ന്യൂയോർക്ക്: ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2024 പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പന്നർ താമസിക്കുന്നത് യു.എസിലെ ന്യൂയോർക്ക് നഗരത്തിൽ. ആദ്യപത്തിൽ ഇന്ത്യൻ നഗരങ്ങളായ മുംബൈ, ന്യൂഡൽഹി എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. ന്യൂയോർക്ക്, ലണ്ടൻ, മുംബൈ, ബെയ്ജിങ്, ഷാങ്ഹായ്, ഷെൻഷൻ, ഹോങ്കോങ്, മോസ്കോ, ന്യൂഡൽഹി, സാൻഫ്രാൻസിസ്കോ എന്നിവയാണ് പത്ത് സമ്പന്ന നഗരങ്ങൾ.
ബാങ്കോക്ക്, തായ്പേയ്, പാരിസ്, ഹാങ്ഷൂ, സിംഗപൂർ, ഗ്യാങ്ഷൂ, ജകാർത്ത, സാവോ പോളോ, ലോസ് ആഞ്ജൽസ്, സിയോൾ എന്നിവയാണ് സമ്പന്നരുടെ എണ്ണത്തിൽ പിന്നാലെയുള്ളത്.
ന്യൂയോർക്കിൽ 119 ശതകോടീശ്വരൻമാരാണുള്ളത്. പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ 96ഉം. 92 അതിസമ്പന്നരുമായി മുംബൈ ആണ് പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ളത്. ചൈനയെ മറികടന്നാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ കുതിപ്പ്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് 91 ശതകോടീശ്വരൻമാരുമായി പട്ടികയിൽ നാലാമതാണ്. എണ്ണമറ്റ ആഗോള കമ്പനികളുടെ ആസ്ഥാനമാണ് ബെയ്ജിങ്. ചൈനയുടെ ധനകാര്യ തലസ്ഥാനം എന്നറിയപ്പെടുന്ന ഷാങ്ഹായിയിൽ 87 അതിസമ്പന്നരുണ്ട്.
ഷെൻഷെൻ-84, ഹോങ്കോങ്- 65, മോസ്കോ-59, ന്യൂഡൽഹി-57, സാൻ ഫ്രാൻസിസ്കോ-52, ബാങ്കോക്ക്-49, തായ്പേയ്-45, പാരിസ്-44, ഹാങ്ഷൂ-43, സിംഗപ്പൂർ-42 എന്നിങ്ങനെയാണ് കണക്ക്.