അദാനിയും അംബാനിയുമില്ല! ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ട് വാങ്ങിയത് സാന്‍റിയാഗോ മാർട്ടിൻ, 1368 കോടി

ദില്ലി: ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചതോടെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്ത്. ഇലക്ട്രൽ ബോണ്ട് വഴി സംഭാവന നൽകിയ കമ്പനികളുടെ ഗണത്തിൽ അദാനി , അംബാനി കമ്പനികളുടെ പേരില്ലെന്നതാണ് ഒറ്റ നോട്ടത്തിൽ വ്യക്തമാകുന്നത്. തെരഞ്ഞടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ട് വഴി സംഭാവന നൽകിയത് സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനിയാണെന്നാണ് വ്യക്തമാകുന്നത്.

സാന്‍റിയാഗോ മാര്‍ട്ടിന്‍റ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടല്‍ സർവീസീസ് കമ്പനി 1368 കോടിയുടെ ഇലക്ട്രൽ ബോണ്ടുകളാണ് വാങ്ങിക്കൂട്ടിയിരിക്കുന്നത്. നേരത്തെ ഇ ഡി റെയ്ഡ് നടത്തിയിട്ടുള്ള കമ്പനിയായ സാന്‍റിയാഗോ മാർട്ടിന്‍റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടല്‍ സർവീസീസ് കമ്പനിയാണ് ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ട് വഴി സംഭാവന നൽകിയതെന്നത് വലിയ വിവാദമായി മാറുമെന്നുറപ്പാണ്. മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ക്ചർ ലിമിറ്റഡാണ് ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ട് വാങ്ങിയതിൽ മുന്നിലുള്ള മറ്റൊരു കമ്പനി.

മേഘ എഞ്ചിനീയറിങ് 980 കോടിയുടെ ഇലക്ട്രൽ ബോണ്ടാണ് വാങ്ങിയിരിക്കുന്നത്. മേഘ എഞ്ചിനീയറിംഗിനെതിരെയും നേരത്തെ ആദായ നികുതി വകുപ്പ് നടപടിയുണ്ടായിരുന്നു. നിരവധി ഹൈവേ തുരങ്ക നിര്‍മാണ കമ്പനികളും ബോണ്ടുകള്‍ വാങ്ങിയ ലിസ്റ്റിലുണ്ട്. ഖനി കമ്പനികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടിലൂടെ സംഭാവന നല്‍കിയിട്ടുണ്ട്. ഡോ. റെ‍ഡ്ഡീസ്, പിരമല്‍, വേദാന്ത , അംബുജ സിമന്‍റ്റ് , മുത്തൂറ്റ് ഫിനാന്‍സ് , ഡി എല്‍ എഫ് കമ്പനികളും ലിസ്റ്റിലുണ്ട്. പ്രമുഖ കമ്പനികളായ ഐ ടി സി, എയര്‍ടെല്‍ , സണ്‍ ഫാർമ, നവയുഗ എഞ്ചിനിയറിങ് കമ്പനികളും ലിസ്റ്റിലുണ്ട്. ഇൻഡിഗോ, എം ആർ എഫ് കമ്പനികളും ഇലക്ട്രൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന കാര്യമായി നൽകിയിട്ടുണ്ട്. വാക്സിൻ കമ്പനിയായ ഭാരത് ബയോടെകും ബോണ്ടുകള്‍ വാങ്ങി കോടികള്‍ സംഭാവന നല്‍കിയിട്ടുണ്ട്. അതേസമയം ഇലക്ട്രല്‍ ബോണ്ടുകളിലൂടെ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടി ബി ജെ പിയാണ്. ഇലക്ട്രല്‍ ബോണ്ടിലൂടെ ബി ജെ പിക്ക് ലഭിച്ചത് 11562.5 കോടിയാണ്. അതായത് ആകെ സംഭാവനയുടെ 74.46 ശതമാനവും ബി ജെ പിക്ക് കിട്ടിയെന്ന് സാരം.

കോൺഗ്രസിനെക്കാൾ സംഭാവന തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചു എന്നതാണ് മറ്റൊരു സവിശേഷത. കോൺഗ്രസിന് 2818.4 കോടി സംഭാവന ലഭിച്ചപ്പോൾ തൃണമൂലിന് ലഭിച്ചത് 3214.7 കോടിയാണ്.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ 10 പ്രമുഖർ
ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പിആർ – 1,368 കോടി
മേഘ എഞ്ചിനീയറിംഗ് & ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് – ₹ 966 കോടി
ക്വിക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് – ₹ 410 കോടി
വേദാന്ത ലിമിറ്റഡ് – ₹ 400 കോടി
ഹാൽഡിയ എനർജി ലിമിറ്റഡ് – ₹ 377 കോടി
ഭാരതി ഗ്രൂപ്പ് – 247 കോടി രൂപ
എസ്സൽ മൈനിംഗ് & ഇൻഡസ്ട്രീസ് ലിമിറ്റഡ് – ₹ 224 കോടി
വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് – ₹ 220 കോടി
കെവെൻ്റർ ഫുഡ്പാർക്ക് ഇൻഫ്രാ ലിമിറ്റഡ് – ₹ 195 കോടി
മദൻലാൽ ലിമിറ്റഡ് – ₹ 185 കോടി

Top buyers of electoral bonds are Lottery King santiago martin, adani and ambani not in list

More Stories from this section

family-dental
witywide