വാഷിംഗ്ടൺ: രാഷ്ട്രത്തിൻ്റെ കമാൻഡർ ഇൻ ചീഫായി പ്രവർത്തിക്കാൻ യോഗ്യതയുള്ള ഒരേയൊരു പ്രസിഡൻ്റ് സ്ഥാനാർത്ഥി എന്നു വിശേഷിപ്പിച്ചുകൊണ്ട്, വിരമിച്ച 10 യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ സംഘം യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. കത്തിലൂടെയാണ് കമലയ്ക്കുള്ള പിന്തുണ ഇവർ അറിയിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ദേശീയ സുരക്ഷയ്ക്കും ജനാധിപത്യത്തിനും അപകടമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.
റിട്ടയേർഡ് ജനറൽ ലാറി എല്ലിസും റിട്ടയേർഡ് റിയർ അഡ്മിറൽ മൈക്കൽ സ്മിത്തും ഒപ്പിട്ട കത്തിൽ, സൈനിക അംഗങ്ങളെ ഇകഴ്ത്തിക്കൊണ്ടുള്ള ട്രംപിൻ്റെ അഭിപ്രായങ്ങളും താലിബാനുമായി കരാർ ചർച്ച ചെയ്യുന്നതുൾപ്പെടെ അഫ്ഗാനിസ്ഥാനോടുള്ള അദ്ദേഹത്തിൻ്റെ സമീപനവും കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
ഇതിനു വിപരീതമായി, റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മുതൽ ഇന്തോ-പസഫിക്കിലെ ചൈനയുമായുള്ള പിരിമുറുക്കം വരെ, സിറ്റുവേഷൻ റൂമിലും അന്താരാഷ്ട്ര വേദിയിലും ഏറ്റവും ബുദ്ധിമുട്ടുള്ള ദേശീയ സുരക്ഷാ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള തൻ്റെ കഴിവ് കമല ഹാരിസ് തെളിയിച്ചിട്ടുണ്ട് എന്നും അവർ എഴുതി.
“ഞങ്ങളുടെ കമാൻഡർ ഇൻ ചീഫായി പ്രവർത്തിക്കാൻ യോഗ്യയായ ഈ മത്സരത്തിലെ ഏറ്റവും മികച്ച ഒരേയൊരു പ്രസിഡൻ്റ് സ്ഥാനാർത്ഥി ഹാരിസാണ്,” കത്തിൽ പറയുന്നു.