വാഷിംഗ്ടണ്‍: കമലാഹാരിസിനെതിരെ ഉജ്ജ്വല വിജയം നേടിയ ഡോണാള്‍ഡ് ട്രംപ് ജനുവരി ഇരുപതിനാണ് സ്ഥാനം ഏറ്റെടുക്കുക. എന്നാല്‍ തനിക്കൊപ്പം ഭരണചക്രം തിരിക്കാന്‍ മികച്ച ടീമിനെ സജ്ജമാക്കുന്ന തിരക്കിലാണ് ട്രംപ് ഇപ്പോള്‍. പലരേയും ഒഴിവാക്കിയും പുതുമുഖങ്ങളെ കൂട്ടിച്ചേര്‍ത്തും ചര്‍ച്ചകളും സജീവമാകുന്നുണ്ട്. അതിനിടെ ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിക്കും ഉയര്‍ന്ന സ്ഥാനം ലഭിച്ചേക്കുമെന്ന് സൂചന.
പെന്‍സില്‍വാനിയയില്‍ നടന്ന ഒരു പ്രചാരണ റാലിയില്‍, ട്രംപ് രാമസ്വാമിയെ ‘വളരെ മിടുക്കനാണ്’ എന്ന് പുകഴ്ത്തുകയും ‘അദ്ദേഹം ശരിക്കും വലുതാകാന്‍ പോകുന്ന ഒന്നിന്റെ’ ഭാഗമാകാന്‍ പോവുകയാണെന്നും പറഞ്ഞ് സര്‍ക്കാരിന്റെ ഭാഗമാകുമെന്ന് സൂചന നല്‍കിയിരുന്നു. തന്റെ ഭരണത്തില്‍ ഏത് സ്ഥാനമാണ് രാമസ്വാമിക്ക് നല്‍കുക എന്ന് കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും ഞങ്ങള്‍ ശരിയായ ഒരുസ്ഥാനം തിരഞ്ഞെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഏറ്റെടുക്കുന്ന ജോലി കൃത്യമായും, നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്ന ആരെക്കാളും മികച്ചതായും രാമസ്വാമി ചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇക്കാരണത്താലൊക്കെ വരുന്ന ട്രംപ് ഭരണകൂടത്തില്‍ രാമസ്വാമിയെ കാത്തിരിക്കുന്നത് മികച്ച ഒരു സ്ഥാനമാണെന്ന് ഉറപ്പാണ്. എന്നാല്‍, രാമസ്വാമി ഒരു അഡ്മിനിസ്‌ട്രേഷന്‍ ജോലി ഏറ്റെടുക്കില്ലെന്നും പകരം 2026 ലെ തിരഞ്ഞെടുപ്പില്‍ ഒഹായോ ഗവര്‍ണര്‍ സ്ഥാനം തേടുമെന്നും ഊഹാപോഹങ്ങള്‍ ഉണ്ട്.