
160 വർഷം പഴക്കമുള്ള സമ്പൂർണ ഗർഭച്ഛിദ്ര നിരോധന നിയമം അരിസോണ സംസ്ഥാനത്ത് നടപ്പാക്കാമെന്ന് അരിസോണ സുപ്രീം കോടതി വിധിച്ചു. അരിസോണ ഒരു സംസ്ഥാനമായി മാറുന്നതിന് മുമ്പുള്ള 1864-ലെ നിയമമാണ് നടപ്പാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാകുന്ന സ്ത്രീക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. അമ്മയുടെ ജീവൻ അപകടത്തിലായിരുന്നു എന്ന് തെളിയച്ചാൽ മാത്രമേ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂ. എന്നാൽ നവംബറിൽ നടക്കുന്ന ഹിതപരിശോധനയിൽ അരിസോണയിലെ വോട്ടർമാർക്ക് ഈ വിധി മറികടക്കാനാകുമെന്നാണ് വിശ്വാസം.
ഈ വിധി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന് ഉറപ്പാണ്. വർഷങ്ങളോളം നിഷ്‌ക്രിയമായി കിടന്ന, വളരെ പഴയ ഈ നിയമം നടപ്പിലാക്കാൻ കഴിയുമോ എന്നതിനെ ചൊല്ലി മാസങ്ങൾ നീണ്ട വാദപ്രതിവാദങ്ങളെ തുടർന്നാണ് തീരുമാനം. 15 ആഴ്ച വരെ ഗർഭഛിദ്രം അനുവദിക്കുന്ന 2022 ലെ നിയമം ഉൾപ്പെടെ ഇതോടെ അസാധുവായി.
എന്നാൽ നിയമം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഡെമോക്രാറ്റായ അരിസോണ ഗവർണർ കാറ്റി ഹോബ്‌സും ഡെമോക്രാറ്റായ സ്റ്റേറ്റ് അറ്റോർണി ജനറൽ ക്രിസ് മെയ്സിനും ഈ നിയമത്തെ നഖശിഖാന്തരം എതിർക്കുന്നവരാണ്. ഇതൊരു കരിനിയമമാണ് എന്നാണ് അറ്റോർണി ജനറൽ ക്രിസ് മെയ്സിൻ വിശേഷിപ്പിച്ചത്.
“അരിസോണ ഒരു സംസ്ഥാനമാകുന്നതിനും മുമ്പ്, ,സ്ത്രീകൾക്ക് വോട്ടുചെയ്യാൻ പോലും കഴിയാതിരുന്ന ഒരു കാലത്തെ ഒരു നിയമം ഇപ്പോൾ പുനഃസ്ഥാപിക്കാനുള്ള ഇന്നത്തെ തീരുമാനം നമ്മുടെ സംസ്ഥാനത്തിന് ഒരു കളങ്കമായി ചരിത്രത്തിൽ ഇടംപിടിക്കും,” അവർ പറഞ്ഞു. വൈറ്റ് ഹൗസും മറ്റ് പ്രമുഖ ഡെമോക്രാറ്റുകളും ചില അരിസോണ റിപ്പബ്ലിക്കൻമാരും വിധിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Total Abortion Ban In Arizona