എന്താണ് ടവർ 22? എന്തുകൊണ്ടാണ് ടവർ 22 ആക്രമിക്കപ്പെടുന്നത്?

വാഷിംഗ്ടണ്‍: വടക്ക് കിഴക്കന്‍ ജോര്‍ദാനിലെ സിറിയന്‍ അതിര്‍ത്തിക്ക് സമീപം ഞായറാഴ്ച ആളില്ലാ ഡ്രോണ്‍ സൈനികരെ ആക്രമിച്ചതിനെത്തുടര്‍ന്ന് മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കുറഞ്ഞത് 34 സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 8 പേരുടെ പരിക്ക് ഗുരുതരമാണ്. ഈ ആക്രമണത്തോടെ ടവര്‍ 22 ഉം ചര്‍ച്ച ചെയ്യപ്പെടുകയാണ്.

സിറിയയും ഇറാഖുമായി ജോര്‍ദാന്‍ അതിര്‍ത്തികള്‍ ചേരുന്ന വടക്കുകിഴക്കന്‍ ഭാഗത്തെ തന്ത്രപ്രധാനമായ യുഎസ് സൈനിക കേന്ദ്രമാണ് ടവര്‍ 22. ഇവിടുത്തെ യു.എസ് സൈനിക ഔട്ട്പോസ്റ്റിലാണ് ഡ്രോണ്‍ പതിച്ചത്.

ടവര്‍ 22 ആക്രമിക്കുന്നതുകൊണ്ട് എന്താണ് അക്രമികള്‍ ലക്ഷ്യമിടുന്നത് എന്ന് ചോദിച്ചാല്‍, 350 യുഎസ് ആര്‍മി, എയര്‍ഫോഴ്‌സ് ട്രൂപ്പുകളുടെ ബേസ് സ്റ്റേഷനുകള്‍, ലോജിസ്റ്റിക്‌സ് പിന്തുണയും ഉള്‍പ്പെടുന്നതാണ് ടവര്‍ 22.

ടവര്‍ 22 സിറിയയുടെ അതിര്‍ത്തിക്കപ്പുറത്തുള്ള അല്‍ തന്‍ഫ് പട്ടാള കേന്ദ്രത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അല്‍ തന്‍ഫിൽ നിന്നാണ് ഐസിസിന് എതിരായ ആക്രമണം നടക്കുന്നത്.

ടവര്‍ 22 തന്ത്രപരമായി പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. 2011-ല്‍ സിറിയന്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍, സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ വിപുലമായ ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ യുഎസ് ദശലക്ഷക്കണക്കിന് ഡോളര്‍ ഇവിടെ ചെലവഴിച്ചു.

വാഷിംഗ്ടണില്‍ നിന്ന് സാമ്പത്തികവും സൈനികവുമായ സഹായം സ്വീകരിക്കുന്ന ഏറ്റവും വലിയ സൈന്യങ്ങളിലൊന്നാണ് ജോര്‍ദാന്റെ സൈന്യം. യുഎസ് ആര്‍മിയുമായി വര്‍ഷം മുഴുവനും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില പ്രാദേശിക സഖ്യകക്ഷികളില്‍ ഒന്നാണിത്.