പ്രമുഖ വ്യവസായിയും ബിപിഎല്‍ കമ്പനി സ്ഥാപകനുമായ ടി പി ജി നമ്പ്യാര്‍ (95) ബെംഗളൂരുവിൽ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇന്ത്യന്‍ ടെക് വ്യവസായത്തിലെ ഒരു യുഗത്തിനാണ് ടി പി ജി നമ്പ്യാര്‍ എന്ന ടിപി ഗോപാലന്‍ നമ്പ്യാരുടെ മരണത്തോടെ തിരശ്ശീല വീഴുന്നത്. മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ മകളുടെ ഭര്‍ത്താവാണ്.
ഇന്ത്യയുടെ അഭിമാനമായി ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥാപനമാണ് ബിപിഎല്‍ എന്ന ബ്രിട്ടിഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 1960കളില്‍ പാലക്കാടുനിന്ന് ആരംഭിച്ച് ബെംഗളൂരു ആസ്ഥാനമാക്കിയായിരുന്നു ബിപിഎല്ലിന്റെ വളര്‍ച്ച. പ്രതിരോധ സേനയ്ക്കായി പ്രിസിഷന്‍ പാനല്‍ മീറ്ററുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു കമ്പനിയായിട്ടായിരുന്നു തുടക്കം. ബ്രിട്ടീഷ് കമ്പനിയുമായുള്ള സംയുക്ത സംരംഭമായിരുന്നു ബിപിഎല്‍.
ബ്രിട്ടണ്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്ത ശേഷമായിരുന്നു നമ്പ്യാര്‍ ഇന്ത്യയില്‍ തിരിച്ചെത്തി സ്വന്തം സ്ഥാപനം ആരംഭിച്ചത്. പിന്നീട്, ബെംഗളൂരുവിലേക്ക് കമ്പനിയുടെ ആസ്ഥാനം മാറ്റിയതോടെ മെഡിക്കല്‍ ഇലക്ട്രോണിക്‌സില്‍ നിന്ന്, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍സ്, സോഫ്റ്റ് എനര്‍ജി , ഇലക്ട്രോണിക് ഘടകങ്ങള്‍ എന്നിവയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
1982ലെ ഏഷ്യന്‍ ഗെയിംസിന് ശേഷമായിരുന്നു ബിപിഎല്‍ അതിന്റെ പുര്‍ണ വളര്‍ച്ചയിലേക്ക് കുതിക്കുകയായിരുന്നു. കളര്‍ ടെലിവിഷനുകളും വീഡിയോ കാസറ്റ് റെക്കോര്‍ഡറുകളും പിന്നീട് റഫ്രിജറേറ്ററുകളും ബാറ്ററികളും മറ്റ് ഉപഭോക്തൃ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിക്കുകയും ചെയ്തു .
മൂന്ന് ദശാബ്ദംകൊണ്ട് ഇന്ത്യയിലെ ഇലക്ട്രോണിക് ഉത്പന്ന മേഖലയില്‍ ബിപിഎല്‍ എന്നാം നിരയിലേക്ക് ഉയര്‍ന്നു. ജപ്പാനിലെ സാന്യോ അടക്കമുള്ള വമ്പന്‍ കമ്പനികളുമായി അദ്ദേഹം കൈകോര്‍ത്തിരുന്നു. 1998 ല്‍ 2500 കോടിയിലധികമായി കമ്പനിയുടെ വരുമാനം. കമ്പനിയുടെ ആസ്തികളും ഇക്കാലത്ത് കുതിച്ചുയര്‍ന്നു. 200 ഓളം ഉത്പന്നങ്ങള്‍ ഒരുകാലത്ത് ബിപിഎല്‍ വിപണിയില്‍ എത്തിച്ചിരുന്നു. അജിത് നമ്പ്യാർ, അഞ്ജു ചന്ദ്രശേഖർ എന്നിവർ മക്കളാണ്. സംസ്ക്കാരം നാളെ ബെംഗളൂരു കൽപ്പള്ളി ശ്മശാനത്തിൽ.
TPG Nambiar passed away