ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോ ദിനത്തില്‍ തിക്കിലും തിരക്കിലും അകപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് അല്ലു അര്‍ജുന്‍. പുഷ്പ 2 വിജയാഘോഷ ചടങ്ങിലാണ് ഹൈദരാബാദിലുണ്ടായ സംഭവങ്ങള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തിനേടിയിട്ടില്ലെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
ഷോ നടക്കുന്ന സന്ധ്യ തിയറ്ററിലേക്ക് അല്ലു അര്‍ജുന്റെ പെട്ടെന്നുള്ള സന്ദര്‍ശനം ജനക്കൂട്ടത്തെ വലച്ചു. തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന സ്ത്രീ മരിച്ചത്. കഴിഞ്ഞദിവസം രാത്രി എക്സില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അല്ലു അര്‍ജുന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചു. സംഭവത്തില്‍ അദ്ദേഹം ദുഃഖം അറിയിച്ചു. മരിച്ചയാളെ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും എന്നാല്‍ കുടുംബത്തിന് പിന്തുണ നല്‍കുമെന്നും അവരുടെ ഭാവി സുരക്ഷിതമാണെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതികരിക്കാന്‍ താന്‍ മണിക്കൂറുകള്‍ എടുത്തെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു, ഇത് ഞെട്ടിക്കുന്ന ഒന്നായിരുന്നു, നഷ്ടപരിഹാരമായിട്ടല്ല, ഭാവിയില്‍ അവരെ സഹായിക്കാനാണ് താന്‍ 25 ലക്ഷം രൂപ രേവതിയുടെ കുടുംബത്തിന് സംഭാവന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.