തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പ്രഖ്യാപനം. എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട് എന്ന പേരിൽ കെ എസ് ആർ ടി സിയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്. ഗഡുക്കളായി ശമ്പളം നൽകുന്ന രീതി ഒഴിവാക്കാൻ ഫോർമുലകൾ കണ്ടെത്തിയെന്ന് പറഞ്ഞ മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഇക്കാര്യ ഉറപ്പാക്കുമെന്നും വ്യക്തമാക്കി. ധനമന്ത്രിയെ കൂടി മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരോട് നിരവധി കാര്യങ്ങളാണ് മന്ത്രി ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്. യാത്രക്കാർ യജമാനൻമാരാണെന്ന് ജീവനക്കാർ മനസിലാക്കണം, എന്നിട്ട് അതിനനുസരിച്ച് പെരുമാറണം. ബസ്സിൽ കയറുന്ന ജനങ്ങളോടെല്ലാം ജീവനക്കാർ മാന്യമായി പെരുമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വിഫ്റ്റിലെ ചില ജീവനക്കാരെക്കുറിച്ച് മോശമായ അഭിപ്രായം വരുന്നുണ്ടെന്നും അത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി താക്കീത് നൽകി.