അരളിപ്പൂവിന് വിലക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്, സർക്കാരോ ആരോഗ്യവകുപ്പോ നിർദ്ദേശം നൽകിയിട്ടില്ല, ‘അപകടകരമെങ്കിൽ പൂവ് ഒഴിവാക്കും’

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നതിന് നിലവിൽ ഒരു വിലക്കുമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹരിപ്പാട് യുവതി മരിച്ച സംഭവത്തില്‍ അരളിപ്പൂവാണ് കാരണമെന്ന ആധികാരിക റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പൂവ് അപകടരമാണെന്ന് തെളിഞ്ഞാൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.

ഹരിപ്പാട് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അരളിപ്പൂവിനെ സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഗൗരവമേറിയതെന്നും അദ്ദേഹം വിവരിച്ചു. അരളി പൂവ് വിഷയം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. പൂവിൽ വിഷാംശമുണ്ടെന്ന ആധികാരികമായ നിര്‍ദേശം ലഭിച്ചിട്ടില്ല. സര്‍ക്കാരോ ആരോഗ്യവകുപ്പോ ഇക്കാര്യം അറിയിച്ചിട്ടില്ല. ബോർഡ് യോഗത്തിൽ നിർദ്ദേശങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. അപകടകരമെങ്കിൽ പൂവ് ഒഴിവാക്കും. ക്ഷേത്ര പരിസരങ്ങളിൽ അരളി വളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു തന്ത്രി നേരത്തെ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ബദൽ മാർഗം പൂജ വിഷയം ആയതിനാൽ തന്ത്രിമാരുമായി ആലോചിക്കേണ്ടിക്കേണ്ടി വരുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി.

യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. ഇതോടെയാണ് വിഷയം വലിയ ചർച്ചയായത്. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്നാണ് സൂചന. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകുകയുള്ളു. അതിനായാണ് എല്ലാവരും കാത്തിരിക്കുന്നത്.

More Stories from this section

family-dental
witywide