മുംബൈ: റീല്‍ ഷൂട്ടിംഗിനെ തുടര്‍ന്നുണ്ടായ ദാരുണാപകടത്തില്‍ ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സര്‍ ആന്‍വി കാംദാര്‍ മരിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറായി പേരെടുത്ത 26 കാരിയായ ആന്‍വി കാംദാറിന്റെ മരണം ആരാധകരില്‍ ഞെട്ടലുണ്ടാക്കി.
ജൂലൈ 16 ന് ഏഴ് സുഹൃത്തുക്കളോടൊപ്പം മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്തുള്ള കുംഭെ വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര പുറപ്പെട്ടതായിരുന്നു ആന്‍വി. രാവിലെ 10.30 ഓടെ ഒരു റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഏകദേശം 300 അടി താഴ്ചയിലേക്ക് വീണ് ആന്‍വിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.
കോസ്റ്റ് ഗാര്‍ഡ്, കോലാഡ് റെസ്‌ക്യൂ ടീം, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് സ്റ്റാഫ് എന്നിവരുള്‍പ്പെടെ ആറു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആന്‍വിയെ പുറത്തെടുത്തത്. എന്നാല്‍, വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ മണഗാവ് ഉപജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.