വളർത്തു നായയുമായാണോ യുഎസിലേക്ക് യാത്ര ചെയ്യുന്നത്? അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ നിയമങ്ങൾ ഇതാ

യുഎസിലേക്ക് യാത്ര ചെയ്യുമ്പോൾ വളർത്തു നായയെ നാട്ടിലുപേക്ഷിച്ച് പോകാൻ ബുദ്ധിമുട്ടാണോ? നായയുമായാണ് യാത്രയെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പുതിയ നിയമങ്ങൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് വരുന്ന എല്ലാ നായ്ക്കൾക്കും കുറഞ്ഞത് 6 മാസം പ്രായമുണ്ടായിരിക്കണം, കൂടാതെ റാബിസ് പടരുന്നത് തടയാൻ മൈക്രോചിപ്പ് ചെയ്തിരിക്കണം എന്നിവയാണ് പുതിയ നിയമങ്ങൾ. ബുധനാഴ്ചയാണ് സർക്കാർ ഇതുസംന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എലിപ്പനി വ്യാപകമായ രാജ്യങ്ങളിലെ നായ്ക്കൾക്ക് വാക്സിനേഷൻ നൽകണമെന്നാണ് പുതിയ ചട്ടം. ബ്രീഡർമാരോ റെസ്ക്യൂ ഗ്രൂപ്പുകളോ കൊണ്ടുവരുന്ന നായ്ക്കൾക്കും അവരുടെ യുഎസ് ഉടമകൾക്കൊപ്പം യാത്ര ചെയ്യുന്ന വളർത്തുമൃഗങ്ങൾക്കും ഈ നിയമം ബാധകമാണ്.

“ഈ പുതിയ നിയന്ത്രണം ഞങ്ങൾ അഭിമുഖീകരിക്കുന്ന നിലവിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ പ്രാപ്തമായവയാണ്,” സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ റാബിസ് വിദഗ്ധയായ എമിലി പിയറാച്ചി പറഞ്ഞു. ബുധനാഴ്ച ഫെഡറൽ രജിസ്റ്ററിൽ സിഡിസി പുതിയ നിയമങ്ങൾ പോസ്റ്റ് ചെയ്തു. 2021-ലെ താൽക്കാലിക ഉത്തരവ് കാലഹരണപ്പെടുമ്പോൾ പുതിയ ഉത്തരവ് ഓഗസ്റ്റ് 1-ന് പ്രാബല്യത്തിൽ വരും. പേവിഷബാധ ഇപ്പോഴും പ്രശ്‌നമായി നിലനിൽക്കുന്ന 100-ലധികം രാജ്യങ്ങളിൽ നിന്ന് നായ്ക്കളെ കൊണ്ടുവരുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ നിയമങ്ങൾ പ്രകാരം, യുഎസിൽ പ്രവേശിക്കുന്ന എല്ലാ നായ്ക്കൾക്കും കുറഞ്ഞത് 6 മാസമെങ്കിലും പ്രായമുണ്ടായിരിക്കണം. എങ്കിൽ മാത്രമേ വാക്സിനേഷൻ നൽകാൻ സാധിക്കൂ. റാബിസ് വാക്സിനേഷൻ പരിശോധിക്കാൻ ഉപയോഗിക്കാവുന്ന ഒരു കോഡ് ഉപയോഗിച്ച് നായ്ക്കളുടെ ചർമത്തിന് കീഴിൽ ഒരു മൈക്രോചിപ്പ് സ്ഥാപിക്കണമെന്നതാണ് മറ്റൊരു നിയമം. സിഡിസി അംഗീകൃത ലാബുകളിൽ നിന്നുള്ള രക്തപരിശോധന, കഴിഞ്ഞ ആറ് മാസം നായ എവിടെയായിരുന്നു എന്നിവയെ അടിസ്ഥാനമാക്കി അധിക നിയന്ത്രണങ്ങളും ആവശ്യകതകളും ഉണ്ടാകാനും സാധ്യതയുണ്ട്.