തിരുവനന്തപുരത്ത് കാറിന് മുകളിലേക്ക് വന്‍മരം കടപുഴകി വീണ് സ്ത്രീ മരിച്ചു; ഒരാൾക്ക് പരുക്ക്

തിരുവനന്തപുരം: പേരൂർക്കട വഴയില ആറാംകല്ലിൽ കാറിന് മുകളിൽ മരം വീണ് യാത്രക്കാരിക്ക് ദാരുണന്ത്യം. തൊളിക്കോട് സ്വദേശിനി മോളി (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് പരുക്കേറ്റു. കൂറ്റൻ ആൽമരം കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിയ ഇരുവരെയും ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കാർ പൂർണമായും തകർന്നു.

ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ബ്യൂട്ടിപാർലർ നടത്തുകയാണ് മോളി. സ്ഥാപനം അടച്ചശേഷം വീട്ടിലേക്ക് പോകാനായി കാറിൽ ഇരിക്കുകയായിരുന്നു. അപടത്തിൽ പെട്ട ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും മോളിയുടെ ജീവൻ രക്ഷിക്കാനായില്ല.

പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി കാർ പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിരുവനന്തപുരം– തെങ്കാശി സംസ്ഥാന പാതയിൽ ഗതാഗതം ഏറെനേരം പൂർണമായി സ്തംഭിച്ചു.

അതേസമയം, കേരളത്തിൽ അതിതീവ്ര മഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ 8 ജില്ലകളിൽ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂർ, കോട്ടയം, കണ്ണൂർ ജില്ലാ കളക്ടർമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. കണ്ണൂരിൽ കോളജുകൾക്ക്‌ അവധി ഉണ്ടായിരിക്കില്ല. ഇന്ന് സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെ‍ഡ് അലർട്ട് തുടരുകയാണ്. നിലവിൽ നാളെ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിട്ടില്ല. പക്ഷേ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നാളെ പ്രഖ്യാപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide