നേര്യമംഗലത്ത് മരം കാറിന് മുകളിലേക്ക് വീണ് അപകടം; ഒരാൾ മരിച്ചു

കൊച്ചി: കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് കാറിന് മേല്‍ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വല്ലാഞ്ചിറയിലാണ് കൂറ്റൻ മരം നിർത്തിയിട്ട വാഹനങ്ങൾക്കു മേൽ വീണത്. ഇടുക്കി രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. ജോസഫിന്‍റെ ഭാര്യ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവരടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. കാറിനകത്ത് കുടുങ്ങിക്കിടന്ന യാത്രക്കാരെ ഫയര്‍ഫോഴ്സും പൊലീസും ചേർന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയിലും കാറ്റിലും മരം കടപുഴകി റോഡില്‍ ഉണ്ടായിരുന്ന കാറിനും കെ.എസ്.ആര്‍.ടി.സി. ബസിന് പിന്നിലേക്കും വീഴുകയായിരുന്നു.

പരുക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതമായി പരുക്കേറ്റ ജോസഫ് ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. മറ്റുള്ളവർ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിസംഗതയാണ് അപകടത്തിന് കാരണമായതെന്ന് കവളങ്ങാട് പഞ്ചായത്ത് അംഗം സൈജന്റ് പ്രതികരിച്ചു. ഏത് നിമിഷവും കടപുഴകി വീഴുമെന്ന ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വന്‍മരങ്ങള്‍ ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പോലും ഭയത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide