ബംഗളൂരു: കെ.ജി.എഫിലൂടെ ശ്രദ്ധേയനായ നടന്‍ യാഷിനെ നായകനാക്കി നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന കന്നട ചിത്രമായ ടോക്സിക്കിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്. സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റിയെന്നു ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കളുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തത്.
സിനിമയുടെ നിര്‍മ്മാതാക്കളായ കെ.വി.എന്‍ മാസ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ്, എച്ച്.എം.ടി ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ചിത്രീകരണത്തിനായി ജാലഹള്ളി എച്ച്.എം.ടി കോമ്പൗണ്ടിലെ പീനിയ പ്ലാന്റേഷനില്‍ നിന്ന് നൂറിലധികം മരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. എച്ച്.എം.ടിയുടെ അനുമതിയോടെയായിരുന്നു നടപടി. എന്നാല്‍ സംരക്ഷിത ഭൂമിയായ പ്ലീനിയ പ്ലാന്റേഷന്‍ പുനര്‍വിജ്ഞാപനം നടത്താതെയാണ് എച്ച്.എം.ടിക്ക് കൈമാറിയതെന്നും അതിനാല്‍ മരങ്ങള്‍ വെട്ടുന്നത് നിയമവിരുദ്ധമാണെന്നുമാണ് വനംവകുപ്പ് ചൂണ്ടിക്കാട്ടി.