തിരുവനന്തപുരം: കണ്ടെയ്‌നറുകള്‍ ഇറക്കാന്‍ സമയമെടുക്കുന്നതിനാല്‍ വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാന്‍ ഫെര്‍ണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കുമെന്ന് സൂചന. 1000 കണ്ടെയ്‌നറുകള്‍ ഇതുവരെ ഇറക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
കണ്ടെയ്‌നര്‍ ഇറക്കുന്നത് പൂര്‍ത്തിയായാല്‍ ഇന്നോ, നാളെയോ സാന്‍ ഫെര്‍ണാണ്ടോ തീരം വിടും. 15നാണ് കപ്പല്‍ കൊളംബോ തീരത്ത് എത്തേണ്ടത്. ട്രയല്‍ റണ്‍ തുടക്കമായതിനാല്‍ വളരെ പതുക്കെയാണ് കപ്പലില്‍ നിന്നും കണ്ടെയ്‌നറുകള്‍ ഇറക്കുന്നത്. അതിനാല്‍ കൂടുതല്‍ സമയം ചരക്കിറത്തിന് എടുക്കുന്നുണ്ടെന്ന് തുറമുഖ അധികൃതര്‍ നല്‍കുന്ന വിവരം.
സാൻ ഫെർണാൻഡോ മടങ്ങിയാൽ തൊട്ടുപിന്നാലെ ഫീഡർ വെസ്സലുകളും വിഴിഞ്ഞത്തെത്തും. മാരിൻ അസൂർ, സീസ്പാൻ സാൻഡോസ് എന്നിങ്ങനെയുള്ള കപ്പലുകളാണ് എത്തുക. മെഡിറ്ററെനിയൻ ഷിപ്പിങ് കമ്പനിയുടെ 400മീറ്റർ നീളമുള്ള കപ്പലും ഈ മാസം തന്നെ വിഴിഞ്ഞത്തെത്തുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
വെള്ളിയാഴ്ച്ചയാണ് ട്രയൽ റൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെയെത്തിയ മദര്‍ഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖ മന്ത്രിയും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിക്കുകയായിരുന്നു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്‍കി. ആദ്യ മദര്‍ഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.