ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ ഛത്തീസ്ഗഡില്‍ നിന്നും നടുക്കുന്ന കൂട്ടബലാത്സംഗ വാര്‍ത്ത. റായ്ഗഡ് ജില്ലയില്‍ 27 കാരിയായ ആദിവാസി യുവതിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഇതുവരെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
തിങ്കളാഴ്ച ഒരു പ്രാദേശിക മേളയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു യുവതി. പ്രതികളിലൊരാളെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഇരുവരും പ്രാദേശിക മാര്‍ക്കറ്റിന് സമീപം കണ്ടുമുട്ടിയപ്പോള്‍ ഇയാള്‍ക്കൊപ്പം മറ്റ് പ്രതികളും ഉണ്ടായിരുന്നു. ഇവരാണ് യുവതിയോട് അതിക്രമം കാട്ടിയത്. സംഭവത്തിന് ശേഷം യുവതിയെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു.
പ്രതികളില്‍ രണ്ടുപേര്‍ ഒളിവിലാണ്. സംഭവത്തില്‍ പുസൂര്‍ പൊലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. അതേസമയം അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം ഗൗരവമേറിയതാണെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു.