റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്നും എന്നാല്‍ ആദിവാസികളെ അതിന്റെ പരിധിയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടന പത്രികയായ സങ്കല്‍പ് പത്ര പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
സംസ്ഥാനത്തെ വ്യവസായങ്ങളും ഖനികളും മൂലം കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ ഒരു ഡിസ്പ്ലേസ്മെന്റ് കമ്മീഷന്‍ രൂപീകരിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. മാത്രമല്ല, ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ സര്‍ന മത കോഡ് വിഷയത്തില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ വന്നാല്‍ ജാര്‍ഖണ്ഡില്‍ 2.87 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ ഉള്‍പ്പെടെ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ജാര്‍ഖണ്ഡിലെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കാനും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനും ബിജെപി നിയമം കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. ഭൂമി, മകള്‍, ഭക്ഷണം എന്നിവ അനധികൃത കുടിയേറ്റക്കാരുടെ ഭീഷണിയിലാണെന്നും തദ്ദേശീയരായ ജനങ്ങള്‍ക്ക് ബിജെപി സുരക്ഷ നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, പശ്ചിമ ബംഗാളിലും ജാര്‍ഖണ്ഡിലും പ്രാദേശിക ഭരണകൂടങ്ങള്‍ നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു.