
കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ‘ഇന്ത്യ’ സഖ്യം വിഭജിച്ച് മത്സരിക്കാൻ സാധ്യത. ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി വ്യക്തമാക്കി. ബംഗാളിലെ മുഴുവൻ സീറ്റിലും തൃണമൂൽ ഒറ്റക്ക് മത്സരിക്കുമെന്നും അഭിഷേക് ബാനർജി പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നേരത്തെ ഇതേ നിലപാട് പറഞ്ഞിരുന്നു. കോൺഗ്രസും തൃണമൂലും തമ്മിൽ വാക്‌പോര് മുറുകുന്നതിനിടെയാണ് സഖ്യത്തിനില്ലെന്ന് അഭിഷേക് വ്യക്തമാക്കിയിരിക്കുന്നത്. ബംഗാളിൽ കോൺഗ്രസ് ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിൽക്കുന്നതാണ് തൃണമൂലിനെ ചൊടിപ്പിക്കുന്നത്. സി പി എം ആകട്ടെ തൃണമൂൽ കോൺഗ്രസിനെയും മുഖ്യമന്ത്രി മമത ബാനർജിയെയും അംഗീകരിക്കാൻ ഇനിയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ‘ഇന്ത്യ’ സഖ്യം വിഭജിച്ച് മത്സരിക്കാൻ സാധ്യത ഏറുന്നത്. ബംഗാളിൽ 42 ലോക്‌സഭാ സീറ്റുകളാണുള്ളത്. 2019 ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ 22 സീറ്റും ബി ജെ പി 18 സീറ്റും നേടിയപ്പോൾ കോൺഗ്രസ് രണ്ട് സീറ്റിൽ ഒതുങ്ങിയിരുന്നു. സി പി എമ്മാകട്ടെ ചരിത്രത്തിലാധ്യമായി ബംഗാളിൽ കഴിഞ്ഞ തവണ സംപൂജ്യരായിരുന്നു. ഇക്കുറി കോൺഗ്രസുമായി കൈ കോർത്ത് മത്സരിച്ച് വിജയിച്ച് കയറാമെന്ന പ്രതീക്ഷയാണ് സി പി എം ഇപ്പോഴും പങ്കുവയ്ക്കുന്നത്. അതേസമയം തൃണമൂലൂമായി ഇനിയും ചർച്ച തുടരുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതികരണം.
Trinamool congress leader abhishek banerjee says no alliance with congress