മുത്തലാഖ്, ആർട്ടിക്കിൾ 370; ബിജെപി ഭരണത്തിൽ രാജ്യം കണ്ടത് വലിയ പരിഷ്കാരങ്ങളെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്‍റ് സമ്മേളനത്തിൽ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വേണ്ടി നിർണായക തീരുമാനങ്ങളെടുത്ത സമ്മേളനകാലമാണ് പൂർത്തിയാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബിജെപി സർക്കാർ രാജ്യത്തിന് വേണ്ടി നിരവധി പരിഷ്കരണങ്ങളും പ്രവർത്തനങ്ങളും നടത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പതിനേഴാം ലോക്സഭയ്‌ക്ക് സമാപനം കുറിച്ചുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കടന്നുപോകുന്നത് പരിഷ്ക്കാരത്തിന്റെയും മാറ്റത്തിന്റെയും അഞ്ച് വർഷങ്ങളാണെന്ന് മോദി പറഞ്ഞു.

“ശക്തമായ ഇന്ത്യയുടെ അടിത്തറ പാകുന്ന നിരവധി  മാറ്റങ്ങളും പരിഷ്കാരങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടന്നു. ഭീകരതയെ നേരിടാൻ ഞങ്ങൾ കടുത്ത നിയമങ്ങൾ ഉണ്ടാക്കി.ഈ കാലയളവിൽ ഞങ്ങൾ ആർട്ടിക്കിൾ 370 റദ്ദാക്കി. രാജ്യം പതിനേഴാം ലോക്‌സഭയെ അനുഗ്രഹിക്കും. ഭരണഘടനാ നിർമ്മാതാക്കളുടെ അനുഗ്രഹം ഞങ്ങൾക്കൊപ്പമുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു.

“പുതിയ പാർലമെന്റ് മന്ദിരവും പുതിയ പാർലമെന്റ് ലൈബ്രററിയും തുറന്ന് കൊടുത്തു. പുതിയ പാർലമെന്റ് വേണമെന്ന് കാലങ്ങളായി പറയുന്നതാണ്. എന്നാൽ, ഇതുവരെയും അത് പ്രാവർത്തികമാക്കാൻ ആർക്കും സാധിച്ചിരുന്നില്ല. എന്നാൽ, ഞങ്ങൾ അത് സാധ്യമാക്കി. അതിനാലാണ് പുതിയ പാർലമെന്റിൽ ഇരിക്കാൻ സാധിച്ചത്.”

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ഇന്ത്യൻ ചരിത്രത്തിലെ തന്നെ നിർണ്ണായക തീരുമാനമാണെന്ന് മോദി പറഞ്ഞു. രാജ്യത്തിന് വേണ്ടി നിർണായക തീരുമാനങ്ങളെടുത്ത സമ്മേളനകാലമാണ് പൂർത്തിയായത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കൊറോണ. രാജ്യം ഒറ്റക്കെട്ടായി കൊറോണയെ അതിജീവിച്ചു. തലമുറകളായി ഭാരതം സ്വപ്നം കണ്ടിരുന്ന പല നിയമങ്ങളും നടപ്പിലാക്കാൻ ഈ അഞ്ച് വർഷ കാലത്തിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide