
കൊച്ചി: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും വിജയിച്ച കെ ബാബുവിന്റെ ജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം. സ്വരാജിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി വരും. ജസ്റ്റിസ് പി.ജി അജിത്കുമാറാണ് വിധി പറയുക. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹര്‍ജി സമര്‍പ്പിച്ചത്.
മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ച കെ ബാബുവിന്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സ്വരാജിന്റെ പരാതി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്തതിന്റെ തെളിവ് കോടതിയില്‍ സ്വരാജ് ഹാജരാക്കിയിരുന്നു. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി, മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന് പ്രചാരണം നടത്തി, എം സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വിയണെന്ന് പ്രചരിപ്പിച്ചു, തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം.
എന്നാല്‍ രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും ഒറിജിനല്‍ അല്ലെന്നുമാണ് ബാബുവിന്റെ പ്രതിരോധം. ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് സ്വരാജിനെ കെ ബാബു പരാജപ്പെടുത്തിയത്.