ബംഗാൾ സർക്കാർ പറഞ്ഞതുതന്നെ ശരി; അക്ബർ, സീത, സിംഹങ്ങളുടെ പേര് വിവാദത്തിൽ നടപടിയെടുത്ത് ത്രിപുര സർക്കാർ

അഗർത്തല: അക്ബറെന്നും സീതയെന്നും സിംഹങ്ങൾക്ക് പേര് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി. ത്രിപുര സർക്കാരാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്തു. ത്രിപുരയിൽ നിന്നും പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയ സിംഹങ്ങളുടെ പേരാണ് വലിയ വിവാദമായത്. സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ത്രിപുര സർക്കാരാണെന്ന് ബംഗാൾ സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സർക്കാർ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം സിംഹങ്ങൾക്ക് അക്ബർ എന്നും സീത എന്നും പേര്നൽകിയത് ശരിയായില്ലെന്ന് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. സംഹങ്ങളുടെ പേര് മാറ്റി വിവാദം ഒഴിവാക്കാനും പശ്ചിമ ബംഗാൾ സർക്കാരിന് ഹൈക്കോടതി ഉപദേശം നൽകിയിരുന്നു. മൃഗങ്ങൾക്ക് ഇങ്ങനെ ദൈവങ്ങളുടെയും, നോബേൽ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്നും അങ്ങനെ പേര് ഇടുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചിരുന്നു. വീട്ടിലെ വളർത്തുനായ്ക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ആരെങ്കിലും ഇടുമോ എന്നും ബംഗാൾ സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചിരുന്നു.

അതിനിടയിലാണ് സിംഹങ്ങൾക്ക് സീത, അക്ബർ എന്ന് പേര് നൽകിയത് തങ്ങളല്ലെന്ന് പശ്ചിമ ബംഗാൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അങ്ങനെ പേരിട്ടത് ബി ജെ പി ഭരിക്കുന്ന ത്രിപുരയിലെ സർക്കാരാണെന്നും ബംഗാൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. മൃഗങ്ങളുടെ കൈമാറ്റ പദ്ധതി പ്രകാരമാണ് ബംഗാളിലേക്ക് എത്തിച്ചതെന്നും കൊണ്ടുവന്നപ്പോൾ തന്നെ സീതയെന്നും അക്ബർ എന്നുമായിരുന്നു സിംഹങ്ങളുടെ പേരെന്നുമാണ് സർക്കാ‍ർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. ത്രിപുര പേര് നൽകിയപ്പോൾ അതിൽ മിണ്ടാതിരുന്ന വി എച്ച് പിയാണ് ഇപ്പോൾ ഹർജിയുമായി വന്നിരിക്കുന്നതെന്നും ബംഗാൾ സർക്കാർ വിമർശിച്ചിരുന്നു.

Tripura official suspended over lion akbar Sita row