ഫ്ലോറിഡയടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഭീഷണിയായി ‘ഹെലൻ’, യുഎസിൽ ഈ വർഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാകും, ആയിരങ്ങളെ മാറ്റി പാർപ്പിച്ചു

ഫ്ലോറിഡ: ഫ്ലോറിഡയടക്കമുള്ള അമേരിക്കൻ സംസ്ഥാനങ്ങൾക്ക് വലിയ ഭീഷണിയായി മാറുന്ന ‘ഹെലൻ’ ചുഴലിക്കാറ്റ് കരതൊടാറാവുന്നു. അതിശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ തന്നെ തീവ്രമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷത്തിനിടെ യു എസിൽ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി ഫ്ലോറിഡ തീരത്തേക്ക് ‘ഹെലൻ’ എത്തുന്നുവെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ പറയുന്നത്. ഫ്ലോറിഡയെ മാത്രമല്ല അമേരിക്കയുടെ തെക്കു കിഴക്ക് മേഖലയിൽ ‘ഹെലൻ’ വലിയ നാശം വിതയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഹെലൻ ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഫ്ലോറിഡയടക്കമുള്ളിടങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകളെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കവും കനത്ത മഴയും അതിശക്തമായ കാറ്റും വലിയ ഭീഷണി ഉയർത്തുമെന്നതിനാൽ മേഖലയിൽ നേരത്തെ തന്നെ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

ഹെലന്‍ ചുഴലിക്കാറ്റിനെ കാറ്റഗറി 3 ലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും വലിയ നാശം ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ചുഴലിക്കാറ്റിനു മുന്നോടിയായി 41 കൗണ്ടികളില്‍ ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റഗറി 3 ൽ നിന്ന് കാറ്റഗറി 4 ലേക്ക് ഇത് ശക്തിപ്പെടാന്‍ സാധ്യതകള്‍ ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ബുധനാഴ്ച ഫ്ലോറിഡയുടെ ചില ഭാഗങ്ങളെ ബാധിക്കുമെന്നും വ്യാഴാഴ്ച വടക്കുകിഴക്കന്‍ ഗള്‍ഫ് തീരത്ത് എത്തുമ്പോഴേക്കും ഇത് വലിയ ചുഴലിക്കാറ്റായി മാറിയേക്കുമെന്നുമാണ് സൂചന. മണിക്കൂറില്‍ 38 മൈല്‍ വേഗത കാറ്റ് കൈവരിക്കുമെന്നാണ് നിലവിൽ കരുതുന്നത്.

More Stories from this section

family-dental
witywide