ന്യൂയോര്‍ക്ക്: ക്രിമിനല്‍ ഹഷ് മണി കേസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിചാരണയ്ക്ക് നേതൃത്വം നല്‍കുന്ന ന്യൂയോര്‍ക്ക് ജഡ്ജി പുറപ്പെടുവിച്ച ഗാഗ് ഓര്‍ഡര്‍ പിന്‍വലിക്കാന്‍ ട്രംപ് ജഡ്ജിയോട് ആവശ്യപ്പെട്ടു. ജൂറിമാര്‍, സാക്ഷികള്‍, പ്രോസിക്യൂട്ടര്‍മാര്‍, കോടതി ജീവനക്കാര്‍ എന്നിവരെ കുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നതില്‍ നിന്ന് ട്രംപിനെ വിലക്കിക്കൊണ്ടാണ് ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ വിചാരണയ്ക്ക് മുന്നോടിയായി ട്രംപിനെതിരായി ഗാഗ് ഓര്‍ഡര്‍ ചുമത്തിയത്.
ട്രംപിന്റെ വിചാരണയ്ക്ക് മുന്നോടിയായി ഗാഗ് ഓര്‍ഡര്‍ ചുമത്തുന്നതിന് മുമ്പ്, മുന്‍ പ്രസിഡന്റ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റുകള്‍ വഴി സാക്ഷികളെയും പ്രോസിക്യൂട്ടര്‍മാരെയും ആവര്‍ത്തിച്ച് ആക്രമിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റിനെതിരെ ഗാഗ് ഓര്‍ഡര്‍ പുറപ്പെടുവിച്ചത്.
കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ജൂലൈ 11ന് ശിക്ഷ വിധിക്കും.
കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിന്റെ ന്യായമായ വിചാരണ ഉറപ്പുവരുത്തുന്നതിനും നീതിന്യായത്തിന്റെ കാര്യക്ഷമമായ നിര്‍വഹണം എളുപ്പമാക്കുന്നതിനും ആണ് ഗാഗ് ഓര്‍ഡര്‍ ഉപയോഗിക്കുന്നത്. കൂടാതെ മുന്‍വിധിയോട് കൂടിയുള്ള വിവരങ്ങള്‍ വിചാരണ നടത്തുന്ന ജൂറിയുടെ അല്ലെങ്കില്‍ ജഡ്ജിയുടെ മുന്നില്‍ എത്താനും അതുവഴി വിധിയെ സ്വാധീനിക്കുന്നത് തടയുന്നതിനുമായാണ് സാധാരണയായി കോടതി ഗാഗ് ഓര്‍ഡറുകള്‍ പുറപ്പെടുവിക്കുന്നത്.