
വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന സംശയത്തില്‍ പിടിയിലായ 58കാരന്‍ റയാന്‍ റൗത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെന്നും യുക്രെയ്ന്‍ യുദ്ധവുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട്.
റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടാന്‍ യുക്രെയ്‌നെ സഹായിക്കാനുള്ള ചില പദ്ധതിയിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും വിവരമുണ്ട്.
ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ സമീപത്തെ കുറ്റിച്ചെടികള്‍ക്കുപിന്നില്‍ റൈഫിളുമായി മറഞ്ഞിരുന്ന റയാന്‍ റൗത്തിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളെ തിങ്കളാഴ്ച ഫ്‌ളോറിഡയിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. തോക്കുമായി ബന്ധപ്പെട്ട രണ്ട് കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്. കൂടുതല്‍ ചാര്‍ജുകള്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
പ്രസിഡന്റ് ജോ ബൈഡനെയും ട്രംപിനെയും ഇയാള്‍ പരിഹസിച്ചിരുന്നു. 2016ല്‍ താന്‍ ട്രംപിന് വോട്ട് ചെയ്‌തെന്നും എന്നാല്‍ ട്രംപിനെ പിന്തുണച്ചത് ഭയങ്കര തെറ്റാണെന്നും അയാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2018 ല്‍ ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കാനുള്ള മുന്‍ പ്രസിഡന്റിന്റെ തീരുമാനത്തിന് ‘ട്രംപിനെ വധിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്’ എന്ന് ഇറാനെ അഭിസംബോധന ചെയ്തുകൊണ്ട് റൗത്ത് എഴുതിയിരുന്നു.
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതിനും കൃത്യസമയത്ത് നികുതി അടയ്ക്കാതിരിക്കുന്നതിനും ചെക്ക് കേസുകളിലും റൗത്ത് നിയമനടപടി നേരിട്ട ചരിത്രമുണ്ടെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 2002ല്‍ തോക്ക് കൈവശം വെക്കാനുള്ള അവകാശവും ഇയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു.
റയാന്‍ റൗത്തിന് X, Facebook, LinkedIn എന്നിവയില്‍ പ്രൊഫൈലുകള്‍ ഉണ്ടായിരുന്നതായും ട്രംപിനെതിരായ വധശ്രമത്തിന് മണിക്കൂറുകള്‍ക്ക് ശേഷം Facebook, X പ്രൊഫൈലുകളില്‍ പബ്ലിക് ആക്‌സസ് ഇല്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ ഉക്രെയ്നെ പിന്തുണച്ചതായി റൗത്തിന്റെ പേരിലുള്ള മൂന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യക്തമാക്കുന്നു. യുക്രെയ്ന്‍ യുദ്ധശ്രമങ്ങളെ സഹായിക്കാന്‍ സന്നദ്ധരായ അമേരിക്കക്കാരെക്കുറിച്ചുള്ള ഒരു ലേഖനത്തിനായി 2023-ല്‍ റൗത്തിനെ അഭിമുഖം നടത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. താന്‍ ഉക്രെയ്‌നിലേക്ക് പോയെന്നും 2022 ല്‍ അവിടെ മാസങ്ങള്‍ ചെലവഴിച്ചെന്നും യുക്രെയ്‌നില്‍ യുദ്ധം ചെയ്യാന്‍ താലിബാനില്‍ നിന്ന് പലായനം ചെയ്ത അഫ്ഗാന്‍ സൈനികരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും റൗത്ത് ടൈംസിനോട് പറഞ്ഞിരുന്നു.