ട്രംപിനു നേരെ നടന്നത് വധശ്രമം; എഫ്ബിഐ, പ്രതി റയാൻ വെസ്‌ലി റൗത്ത് പിടിയിൽ

ഫ്ളോറിഡ:  ട്രംപിൻ്റെ മാർ ലാഗോ എസ്റ്റേറ്റിനു സമീപമുള്ള പാം ബീച്ച്  ഗോൾഫ് ക്ളബിൽ വച്ച് ട്രംപിനു നേരെ വെടിവയ്ക്കാൻ ശ്രമിച്ച പ്രതി റയാൻ വെസ്‌ലി റൗത്ത് പിടിയിൽ.  ഇയാൾ തൻ്റെ കറുത്ത നിസാൻ കാറിൽ  രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. 58വയസ്സുള്ള ഇയാൾ ഹവായി സ്വദേശിയാണ്. പക്ഷേ നോർത്ത് കാരലീനയിൽ നിർമാണ തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു.

പാം ബീച്ച് ഗോൾഫ് ക്ളബിൽ നിന്ന് വെടിവയ്പ് ഉണ്ടായി എന്ന വിവരം ഉച്ചയ്ക്ക് ഒന്നരയോടെ സീക്രട്ട് സർവീസ് പൊലീസിനെ അറിയിക്കുകയും പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രദേശം വളയുകയും ചെയ്തു.

ഗോൾഫ് ക്ലബിലേക്ക് ഇയാൾ കൊണ്ടുവന്ന എകെ 47 തോക്ക്, ബാക്ക്‌പാക്കുകൾ, GoPro ക്യാമറ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ട്രംപ് ഗോൾഫ് കളിക്കുന്ന സഥലത്തു നിന്ന് ഏതാണ്ട് 275 മീറ്റർ ദൂരെയായാണ് ഇയാൾ നിലയുറപ്പിച്ചിരുന്നത്. ട്രംപിൻ്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ്  ഏജൻ്റ് തന്നെയാണ് ഇയാളെ കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഉറപ്പിച്ചു വച്ചിരുന്ന ഒരു തോക്കാണ് ആദ്യം സീക്രട്ട് സർവീസ് കണ്ടെത്തിയത്. ഉടൻ തന്നെ ഒന്നിലേറെ തവണ അവർ പ്രതി നിന്നിരുന്ന സ്ഥാനം ലക്ഷ്യമാക്കി വെടിയുതിർത്തു.

എന്നാൽ ഇയാൾ രക്ഷപ്പെട്ട് വണ്ടിയിൽ കയറി. ഇതു കണ്ട ദൃക്സാക്ഷി വണ്ടിയുടെ നമ്പർ അടക്കം പൊലീസിനെ അറിയിച്ചു. ഫ്ലോറിഡ മാർട്ടിൻ കൌണ്ടി പ്രദേശത്തേക്ക് വാഹനം ഓടിച്ചു. പൊലീസ്  വഴിയിൽ തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ദൃക്സാക്ഷിയെ സ്ഥലത്തെത്തിച്ചു ഇയാളെ തിരിച്ചറിഞ്ഞു.

രണ്ടു മാസം മുൻപ് പെൻസിൽവേനിയയിലെ ബട്ലറിൽ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ വെടിവയ്പിൽ നിന്ന് ട്രംപ് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. 

Trump Assassination Attempt Suspect Ryan Wesley Routh Arrested