ഷിക്കാഗോ: ഡൊമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്‍റുമായ കമല ഹാരിസിന്‍റെ ഡി എൻ സിയിലെ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് രംഗത്ത്. ഡി എൻ സി പ്രസംഗത്തിൽ കമല പരാമർശിക്കാതെ പോയ വിവിധ വിഷയങ്ങൾ ചൂണ്ടികാട്ടിയാണ് ട്രംപിന്‍റെ വിമർശനം. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്തിലെ നിരവധി പോസ്റ്റുകളിലൂടെയാണ് മുൻ പ്രസിഡന്‍റിന്‍റെ പ്രതികരണം.
കമല ചൈനയെക്കുറിച്ച് പരാമർശിച്ചില്ല, ഫ്രാക്കിംഗിനെക്കുറിച്ച് പരാമർശിച്ചില്ല, ഊർജ്ജ പ്രശ്നങ്ങളെക്കുറിച്ച് പരാമർശിച്ചില്ല, റഷ്യയെയും യുക്രൈനെയും പരാമർശിച്ചില്ലെന്ന് ട്രംപ് ചൂണ്ടികാട്ടി. നമ്മുടെ കാലത്തെ നശിപ്പിക്കുന്ന വലിയ വിഷയങ്ങളെക്കുറിച്ച് അവർ തീരെ പരാമർശിച്ചില്ലെന്ന് ട്രംപ് വിമർശിച്ചു. യു എസിൽ 60 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിലാണ്, ഇക്കാര്യം പോലും കമല പ്രസംഗത്തിൽ പരാമർശിച്ചില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇപ്പോൾ ചെയ്യുമെന്ന് വാഗ്ദാനം നൽകുന്ന കാര്യങ്ങൾ അധികാരത്തിലിരുന്ന മൂന്നര വർഷത്തിലേറയുള്ള കാലത്ത് എന്തുകൊണ്ടാണ് നടപ്പാക്കാത്തതെന്നും ട്രംപ് ചോദിച്ചു. ഹാരിസിനെ ‘റാഡിക്കൽ മാർക്സിസ്റ്റ്’ എന്ന് വിളിക്കുകയും കഴിവില്ലായ്മയും ബലഹീനതയുമാണ് മുഖമുദ്രയെന്നും ട്രംപ് വിമർശിച്ചു. നേരത്തെ ഹാരിസ് തന്‍റെ പ്രസംഗത്തിൽ ട്രംപിനെ ‘അൺ സീരിയസ് മാൻ’ എന്ന് വിളിച്ചിരുന്നു. ട്രംപിനെ വൈറ്റ് ഹൗസിൽ തിരിച്ചയച്ചാൽ അനന്തരഫലങ്ങൾ അത്യന്തം ഗുരുതരമായിരിക്കുമെന്നും കമല അഭിപ്രായപ്പെട്ടിരുന്നു.