ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ‘ഹാക്ക്’ ചെയ്യാൻ നോക്കി, 3 ഇറാന്‍ പൗരന്‍മാര്‍ക്കെതിരെ കുറ്റം ചുമത്തി അമേരിക്ക

വാഷിംഗടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ഹാക്ക് ചെയ്യുകയും നവംബര്‍ 5 ലെ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിലെ മൂന്ന് അംഗങ്ങള്‍ക്കെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ മുന്‍ പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് എതിരാളിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മിലുള്ള തെരഞ്ഞെടുപ്പ് മല്‍സരത്തില്‍ ഇടപെടാനുള്ള വിദേശ ശ്രമങ്ങളെ ചെറുക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നടപടിയുടെ ഭാഗമാണ് കുറ്റപത്രം.മസൂദ് ജലീലി, സെയ്ദ് അലി അഘാമിരി, യാസര്‍ ബലാഗി എന്നീ മൂന്ന് പേര്‍ ട്രംപിന്റെ പ്രചാരണത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതായി അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം മുന്‍ യുഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ പറഞ്ഞു.