വാഷിങ്ടൻ: യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ക്യാപ്പിറ്റൾ ഹില്ലിൽ സന്ദർശനം നടത്തി. 2021 ജനുവരി 6 ലെ ക്യാപ്പിറ്റൾ ഹിൽ ആക്രമണത്തിന് ശേഷം ഇതാദ്യമായിട്ടാണ് ട്രംപ് ക്യാപ്പിറ്റൾ ഹില്ലിൽ സന്ദർശനം നടത്തുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഐക്യം ആവശ്യമാണെന്ന് ട്രംപ് അഭിപ്രായപ്പപെട്ടു.
2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതായും ക്യാപ്പിറ്റൾ ഹിൽ ആക്രമണത്തിൽ പങ്കുള്ളതായുമെല്ലാം ട്രംപിനെതിരെ ആരോപണമുണ്ട്. ഈ ആരോപണങ്ങൾ നിലനിൽക്കെയാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ട് തേടി ട്രംപ് ക്യാപ്പിറ്റൾ ഹില്ലിൽ സന്ദർശനം നടത്തിയത്. പിന്നീട്, 200 കോർപ്പറേറ്റ് നേതാക്കളുടെ സംഘടനയുമായും മുൻ പ്രസിഡൻ്റ് കൂടിക്കാഴ്ച നടത്തി.
അതേസമയം, മുൻ ഡെമോക്രാറ്റിക് ഹൗസ് സ്പീക്കർ നാൻസി പെലോസി ട്രംപിനെതിരെ രംഗത്തെത്തി. “ഒരു കലാപത്തിൻ്റെ പ്രേരകനാണ് ട്രംപ്… കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് ഇപ്പോൾ മടങ്ങി ചെല്ലുന്നു,” പ്രസ്താവനയിൽ നാൻസി പെലോസി പറഞ്ഞു.
ന്യൂയോർക്കിലെ തൻ്റെ ഹഷ്-മണി കേസിന്റെ വിചാരണയ്ക്ക് ശേഷം ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധി വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ സന്ദർശനം. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ ഹ്രസ്വമായ ഒരു വാർത്താ സമ്മേളനത്തിലാണ്, പാർട്ടിയിലെ ഐക്യത്തെക്കുറിച്ച് ട്രംപ് സംസാരിച്ചത്. പാർട്ടിയിൽ താൻ വിയോജിക്കുന്ന ആളുകൾക്കൊപ്പം പോലും തന്റെ പാർട്ടിയിലെ മറ്റുള്ളവർ നിൽക്കും എന്ന് പറഞ്ഞാണ് ട്രംപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
“ഞാൻ നിങ്ങളുടെ എല്ലാവരുടെയും കൂടെയുണ്ട്. ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. നമ്മുടെയൊക്കെ മനസിൽ ഒരു ലക്ഷ്യമുണ്ട്. അത് രാജ്യത്തിന്റെ പുരോഗതിയാണ്,” ട്രംപ് പറഞ്ഞു.